pushpan
പുഷ്പന്‍ 

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിന്റെ  പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പുഷ്പന് അഞ്ച് ലക്ഷം രൂപ സാമ്പത്തികസഹായം അനുവദിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 22 വര്‍ഷം തികയുന്ന വേളയിലാണ് പുഷ്പന് സാമ്പത്തികസഹായം നല്‍കാനും പ്രതിമാസം 8000 രൂപ പെന്‍ഷനും അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.  

1994 നവംബര്‍ 25-നാണ് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രിമാരായ എംവി രാഘവനേയും കെ.സുധാകരനേയും തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയത്. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രിമാര്‍. 

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് യുഡിഎഫിലെത്തിയ എംവി രാഘവനെ കണ്ണൂരില്‍ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു അന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെതിരെയുള്ള സമരം എന്ന നിലയിലാണ് കൂത്തുപറമ്പിലെ ഉപരോധസമരം സംഘടന അവതരിപ്പിച്ചത്.  

വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെകെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൂത്തുപറമ്പില്‍ വെടിയേറ്റു വീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. നീണ്ട 22 വര്‍ഷങ്ങളായി കിടക്കയില്‍ നിശ്ചചലനായി കിടക്കുകയാണ് അദ്ദേഹം. എങ്കിലും സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്, ആവേശവും വികാരവുമാണ്. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അതേസമയം സിപിഎം പുലര്‍ത്തുന്ന ഇരട്ടത്താപ്പിന്റെ അടയാളമായാണ് എതിരാളികള്‍ പുഷ്പനെ എടുത്തു കാണിക്കാറുള്ളത്. പരിയാരം മെഡി.കോളേജിനെതിരെ സമരം നടത്തിയ സിപിഎം തന്നെ പിന്നീട് അത് പിടിച്ചെടുത്തതും, കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയ എംവി രാഘവനുമായി അവസാനകാലത്ത് പാര്‍ട്ടിസഹകരിച്ചതും സിപിഎമ്മിനെ വിമര്‍ശിക്കാന്‍ എതിരാളികള്‍ ആയുധമാക്കാറുണ്ട്.

dyfi

mv raghavan
എംവി രാഘവന്‍ ഒരു പഴയകാലചിത്രം