ചണ്ഡീഗഢ്: പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറവ് വരുത്തിയത്. 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ പെട്രോള്‍ വില 9 രൂപ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി.

നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു. 

മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചിരുന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

Content Highlights: Punjab Cuts Petrol Price By ₹ 10, Chief Minister Says First In 70 Years