കെ.കെ.അബ്രഹാം
പുല്‍പ്പള്ളി പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.കെ.അബ്രഹാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവില്‍ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍.
തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം, ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍, ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ അബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.
രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാമിനും കൂട്ടാളികള്‍ക്കുമെതിരേ നടപടി വേണമെന്നും രാജേന്ദ്രന്റെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘം കഴിഞ്ഞ ദിവസം ബാങ്ക് ഉപരോധിച്ചിരുന്നു.
Content Highlights: pulpally service co operative bank loan fraud-Congress leader in custody after farmer suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..