തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോൾ ഉയര്‍ന്നേക്കാവുന്ന കുട്ടികളുടെ യാത്രാപ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി അറിയിച്ചു. വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ബസുകള്‍ വാങ്ങാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ഫണ്ട് നല്‍കുക സര്‍ക്കാരിന് ബുദ്ധിമുട്ടാകും. പിടിഎക്ക് ഫണ്ട് കുറവുള്ള സ്‌കൂളുകള്‍ക്ക് പൊതുജനങ്ങളുടെ സഹായം വേണം. ഇതിന് എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായം ആവശ്യമാണ്. ഇതിനുവേണ്ടി അധ്യാപക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി കുട്ടികളെ മാത്രം കൊണ്ടുപോകുന്ന തരത്തില്‍ ക്രമീകരിക്കും. ഇക്കാര്യം ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും.-മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുമെങ്കിലും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.