'പി.ടി.7' എന്ന കാട്ടാനയെ ഞായറാഴ്ച രാവിലെ ദൗത്യസംഘത്തിലെ ഡോക്ടർമാരായ അരുൺ സക്കറിയയുടെയും അജേഷ്മോഹൻദാസിന്റെയും നേതൃത്വത്തിൽ മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ്, അരുൺ സക്കറിയ
പാലക്കാട്: ഞായറാഴ്ച പുലർച്ചെ നടന്ന ദൗത്യത്തിൽ വെല്ലുവിളിയായത് കാട്ടിനുള്ളിൽ ‘പി.ടി.7’-ന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് ആനകളായിരുന്നെന്ന് ഡോ. അരുൺ സക്കറിയ.
‘ഇവ രണ്ടും ‘പി.ടി.7’-ന് അടുത്തായാണ് നിലയുറപ്പിച്ചത്. കുങ്കികളായ സുരേന്ദ്രൻ, ഭരത്, വിക്രം എന്നിവർ രംഗത്തിറങ്ങിയതോടെ ഇവ പിൻവലിഞ്ഞു. ഒരു മോഴമാത്രമാണ് അല്പം ചെറുത്തുനില്പ് കാണിച്ചത്. അധികം വൈകാതെ ഈ ആനയും മാറി. ഇതോടെ ‘പി.ടി.7’-നെ ഒറ്റയ്ക്കുകിട്ടി’’ -ദൗത്യത്തിന് നേതൃത്വം നൽകിയ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു. അപകടകരവും വെല്ളുവിളി നിറഞ്ഞതുമായിരുന്നു മയക്കുവെടിവെക്കൽ. ഓടിച്ചിട്ടല്ല മയക്കുവെടി വെച്ചത്. ആന അറിയാതെ അത് ചെയ്യാനുള്ള ശ്രമം വിജയിച്ചു. ആനയുടെ ശ്രദ്ധകിട്ടാത്തവിധം പരമാവധി അടുത്തെത്തിയായിരുന്നു വെടിവെച്ചത്.
ആന കുറച്ചുദൂരം ഓടിയെങ്കിലും അവിടെയെല്ലാം ദൗത്യസംഘാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. ഈ വഴിക്കുതന്നെ ആനയെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി.
മൂന്നരമണിക്കൂർ ആന മയങ്ങിനിന്നു. പിന്നീട് ‘ടോപ്പ് അപ്’ ഡോസും കൊടുത്തു. ശ്രമകരമായൊരു ദൗത്യം പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തോടെ ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. ‘പി.ടി.7’ മികച്ച കുങ്കിയാനയാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. സമതല പ്രതലമായിരുന്നതും കൂട്ടാനകൾ മാറിപ്പോയതും ദൗത്യം എളുപ്പമാക്കിയെന്ന് ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു. ഇവരടങ്ങുന്ന 26 അംഗ ദൗത്യസംഘമാണ് മയക്കുവെടിവെക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. റേഞ്ച് ഓഫീസർ എൻ. രൂപഷും സംഘത്തിലുണ്ടായിരുന്നു.
ഏറെ ദുഷ്കരം
പാലക്കാട്: ‘വയനാട്ടിലെ പന്തല്ലൂർ മാക്കാന-2 (പി.എം.2) ദൗത്യവുമായി ഏറെ വ്യത്യാസമുള്ളതായിരുന്നു. വയനാട്ടിലെ കാടുകളിൽനിന്ന് വ്യത്യസ്തമായ രീതിയിൽ കുന്നുകളും ഇടതൂർന്ന കാടുകളും ഇവിടെയുണ്ട്. പി.എം.2 ദൗത്യത്തിനിടെ കാലിന്റെ കുഴയ്ക്കേറ്റ പരിക്ക് ഗുരുതരമായില്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം കഴിഞ്ഞാണ് വെള്ളിയാഴ്ച പാലക്കാട്ട് ‘പി.ടി.7’ദൗത്യവുമായെത്തുന്നത്.
ആദ്യംതന്നെ ആനയുെട സ്വഭാവം പഠിച്ചിരുന്നു. സ്ഥലത്തിന്റെ സ്വഭാവവും മനസ്സിലാക്കി. ‘പി.ടി.7’രാത്രി ജനവാസമേഖലയിലേക്കിറങ്ങി തിരിച്ചു കാട്ടിലേക്ക് പോകുമ്പോൾ മയക്കുവെടി വെക്കാനായി. രണ്ടുവർഷമായി പാലക്കാട് ആർ.ആർ.ടി. (ദ്രുത പ്രതികരണ സംഘം) ആനയുടെ സഞ്ചാരപഥം തയ്യാറാക്കിയിരുന്നു. ‘പി.ടി.7’ആന ഇപ്പോൾ മദപ്പാടിലാണ്. ഇതുമാറിയശേഷമേ കൂടുതൽ പരിശീലനം നൽകാനാകൂ. ആനയുടെ ശരീരത്തിൽ ഒട്ടേറെ പരിക്കുകളുണ്ട്. ഇതിന് മരുന്ന് നൽകുന്നുണ്ട്. ആനയെ വനാതിർത്തി വിട്ടുപോകാതെ നിർത്തിയ ആർ.ആർ.ടി. തന്ത്രം ദൗത്യത്തിൽ നിർണായകമായെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
‘ചീറിപ്പാഞ്ഞ’വസാനിച്ച് ചരിത്രദൗത്യം
പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ ‘പി.ടി.7’ ആനയെ ധോണിയിലെ കോർമ അരിമണിക്കാട്ടിൽനിന്ന് ധോണിയിലെ വനംഡിവിഷൻ ഓഫീസ് പരിസരത്തെ കൂട്ടിലെത്തിക്കാൻ വനംവകുപ്പ് നടത്തിയ യാത്രയും കണ്ണഞ്ചിപ്പിക്കുന്നതായി.
മയക്കുവെടിയേറ്റ് 8.30ഓടെ മയങ്ങിയ ‘പി.ടി.7’-നെ വനത്തിൽ റോഡും പ്ലാറ്റ്ഫോമും തയ്യാറാക്കിയാണ് ലോറിയിലേക്ക് കയറ്റിയത്. ഇതിന് മൂന്നുമണിക്കൂറോളം വേണ്ടിവന്നു. ആനയെ വാഹനത്തിൽ കയറ്റിയശേഷം പ്രത്യേക സൈറൺ മുഴക്കിയ ജീപ്പിന്റെ അകമ്പടിയോടെയായിരുന്നു കാട്ടിൽനിന്ന് ലോറിയുടെ യാത്ര. ആറ്് കിലോമീറ്ററോളമുള്ള ധോണി വനംഡിവിഷൻ ഓഫീസിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം നാട്ടുകാർ ‘പി.ടി.7’-നെ ഒരുനോക്ക് കാണാൻ തടിച്ചുകൂടി.
വാഹനത്തിന്റെ വേഗംമൂലം ഏറെപ്പേർക്കും ആനയെ വ്യക്തമായി കാണാനായില്ല. അതിവേഗത്തിലെത്തിയ ലോറിക്ക് പിന്നിലായി വനംവകുപ്പിന്റെയും ദ്രുതപ്രതികരണ സംഘത്തിന്റെയും (ആർ.ആർ.ടി.) വാഹനങ്ങളും ചീറിപ്പാഞ്ഞു. സുരക്ഷയൊരുക്കാൻ പോലീസ് വാഹനങ്ങളും ഒപ്പമുണ്ടായിരുന്നു. ധോണി വനംഓഫീസിന് സമീപം കാത്ത് നിന്നവർക്ക് മുന്നിലൂടെയും ‘പി.ടി.7’-നെ കയറ്റിയ ലോറി അതിവേഗം കടന്നുപോയി.
വനം ഓഫീസിൽ പോലീസ് കനത്ത കാവലും ഏർപ്പെടുത്തിയിരുന്നു. വാഹനം കടന്നുപോകുന്ന വഴിയിൽ പോലീസ് മറ്റുവണ്ടികൾ തടഞ്ഞ് ഗതാഗതക്രമീകരണം നടത്തി.‘പി.ടി.7’- നെത്തേടി മറ്റ് കാട്ടാനകൾ ധോണിയിലെ കൂട്ടിലേക്ക് എത്തുന്നത് തടയാൻ രാത്രി കുങ്കിയാനകളുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: pt7 operation-arun sakaria
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..