
പി.ടി. തോമസും ഭാര്യ ഉമയും മക്കളായ വിഷ്ണുവിനും വിവേകിനും ഒപ്പം | ഫയൽചിത്രം|മാതൃഭൂമി
ഖദറിട്ട വിപ്ലവകാരിയായിരുന്നു. പി.ടി തോമസ്. വിശ്വസ്തനായ കോണ്‍ഗ്രസുകാരനായി ജീവിച്ചപ്പോഴും പാര്‍ട്ടി പോലും സ്വീകരിക്കാന്‍ മടിച്ച നിലപാടുകള്‍ മുഖമുദ്രയാക്കിയ നേതാവ്. ജീവിതത്തില്‍ എന്നും പി.ടി അങ്ങനെയായിരുന്നു. കെ.എസ്.യുക്കാരനായ കാലം മുതല്‍ പി.ടിയുടെ സഞ്ചാരം നിലപാടുകള്‍ മുറുകെ പിടിച്ചുകൊണ്ടായിരുന്നു. സ്വന്തം പ്രണയവും വിവാഹവും അതുപോലെ വിപ്ലവം തീര്‍ത്തതായിരുന്നു. ഇതരമതക്കാരിയെ പ്രണയിക്കുകയും മതം വിലക്കായി മുന്നില്‍ വന്നപ്പോള്‍ വിളിച്ചിറക്കി കൂടെകൂട്ടി മരണം വരെ ആ യാത്ര തുടര്‍ന്നു. ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളെ മറികടന്നുകൊണ്ടായിരുന്നു ആ പ്രണയം.
ആ പ്രണയത്തിന് സാക്ഷിയായത് പ്രശസ്തമായ മഹാരാജാസ് കോളേജായിരുന്നു. അവിടെ വെച്ചാണ് പി.ടി ഉമയെ ആദ്യമായി കാണുന്നത്. പി.ടി തോമസ് എന്ന ക്രിസ്ത്യാനി പയ്യനും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലുള്ള പ്രണയം സംഭവ ബഹുലമായിരുന്നു.
രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും തമ്മില്‍ അടുപ്പിച്ചത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ സംസ്ഥാന നേതാവ്. ഉമയാണെങ്കില്‍ മഹാരാജാസില്‍ കെ.എസ് യുവിന്റെ സജീവ പ്രവര്‍ത്തക. കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ തുടങ്ങിയ പദവികളിലും. അന്ന് പി.ടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. ലോ കോളേജിലെ പഠനകാലത്തും പി.ടി പതിവായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി നിരന്തരം മഹാരാജാസില്‍ കയറിയിറങ്ങി. രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും വൈകാതെ അടുത്തു. ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈ പിടിച്ച് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പി.ടിയുടെ തീരുമാനം.
പി.ടി വീട്ടില്‍ വിളിച്ച് തന്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷെ, അമ്മയ്ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു ആരെ വിവാഹം കഴിച്ചാലും കുഴപ്പില്ല കല്യാണം പള്ളിയില്‍ വെച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. അങ്ങനെയിരിക്കെ കാനോന്‍ നിയമപ്രകാരം ആരെങ്കിലുമൊരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് മനസ്സിലാക്കി. ഇതോടെ പി.ടി അതിനുള്ള ശ്രമം തുടങ്ങി. ആദ്യം ബിഷപ്പിനെ വിളിച്ചു. അദ്ദേഹം സമ്മതിച്ചില്ല.
പക്ഷെ, കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ഫാദര്‍ ജോര്‍ജ് കുന്നംകോട്ട് പി.ടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിച്ചു. വിവാഹ ദിവസം പി.ടി ഉമയെ കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പി.ടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു.
വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, ജയപ്രസാദ്, കെ.ടി. ജോസഫ് എന്നിവരുമുണ്ടായിരുന്നു. വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവി നല്കിയ സാരി അണിഞ്ഞ് മണവാട്ടിയായി ഉമ ഒരുങ്ങിനിന്നു. കോതമംഗലം പള്ളിയില്‍ വെച്ച് അങ്ങനെ പി.ടി ഉമയുടെ കഴുത്തില്‍ മിന്നുകെട്ടി. ഇടുക്കിയിലുള്ള പി.ടിയുടെ കുടുംബാഗംങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പി.ടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്മക്കള് ജനിച്ചു, മൂത്ത മകന് വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനല്കി. ഒടുവില്‍ എന്നന്നേക്കുമായി ഉമയെ തനിച്ചാക്കി പി.ടി വിട പറഞ്ഞു.
Content Highlight: PT Thomas; Revolutionary in Love, Life and Stand, PT Thomas Family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..