പി.ടി തോമസ് | Photo:facebook.com|inc.ptthomas
കൊച്ചി: എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു പി.ടി തോമസ്. ഉറച്ച കോണ്‍ഗ്രസുകാരന്‍. അടിയുറച്ച എ ഗ്രൂപ്പുകാരനില്‍ നിന്ന് മാറി ഹരിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പോരാട്ടത്തിന്റെ രണ്ടാം ഘട്ടം. പ്രതിപക്ഷത്ത് എന്നും ശ്രദ്ധിക്കപ്പെടുന്ന വാക്കുകളായിരുന്നു പിടിയുടേത്. നിലപാടില്‍ തോല്‍ക്കാത്ത പി.ടിയെ അര്‍ബുദം കീഴടക്കുമ്പോള്‍ നഷ്ടമാകുന്നത് വേറിട്ട രാഷ്ട്രീയക്കാരനേയും ആദര്‍ശരാഷ്ട്രീയത്തിന്റെ കണ്ണിയേയുമാണ്.
കെ.എസ്.യുവിലൂടെ വളര്‍ന്ന് വന്ന കോണ്‍ഗ്രസ് നേതാവാണ് അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്. മുഖം നോക്കാതെ തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു പി.ടിക്ക്. അത് സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുമാണെങ്കില്‍പ്പോലും ഒരിക്കലും നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു കാലത്ത് തീവ്ര എ ഗ്രൂപ്പുകാരനായിരുന്ന പി.ടി പിന്നീട് മിതവാദിയായി മാറുകയും പരിസ്ഥിതി രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു.
പരിസ്ഥിതി രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചതിന്റെ പേരില്‍ തന്റെ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും പി.ടി തീരുമാനത്തില്‍ ഉറച്ച് നിന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് നിലപാട് സ്വീകരിക്കുമ്പോള്‍ അത് ഇടുക്കിയിലും മധ്യകേരളത്തിലും പാര്‍ട്ടിയുടെ വോട്ട് ബാങ്കായ കത്തോലിക്ക സഭയ്ക്ക് വിരുദ്ധമായ നിലപാടാണ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് പറഞ്ഞ് പി.ടി ഉറച്ച് നിന്നു.
2009ല്‍ ഇടുക്കിയില്‍ നിന്ന് വിജയിച്ച അദ്ദേഹത്തിന് 2014ല്‍ വീണ്ടും സീറ്റ് നല്‍കിയാല്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയപ്പോഴും പി.ടി പതറിയില്ല. പാര്‍ട്ടി സീറ്റ് നിഷേധിച്ചു. കോണ്‍ഗ്രസിന്റെ ആ പരീക്ഷണവും പാളി. പിടിക്ക് പകരം നിര്‍ത്തിയ സ്ഥാനാര്‍ഥിയും തോറ്റു. പിന്നീട് 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് വീണ്ടും നിയമസഭയിലെത്തിയത്. 2021ലും അദ്ദേഹം തൃക്കാക്കരയില്‍ നിന്ന് വിജയിച്ചു. കെ.എസ്.യുവിലൂടെ വളര്‍ന്ന് വന്ന നേതാവായ അദ്ദേഹം ഒരു കാലത്ത് തീവ്ര എ ഗ്രൂപ്പ് വക്താവായിരുന്നു.
സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ 90കളില്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായ എ ഗ്രൂപ്പ് നേതാക്കളില്‍ പി.ടിയായിരുന്നു മുന്നണി പോരാളി. 2006 ന് ശേഷമാണ് അദ്ദേഹം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ട് പോലും പല തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പി.ടിക്ക് കഴിഞ്ഞിട്ടുണ്ട്. കരുണാകരന്‍ കോണ്‍ഗ്രസിലും കേരളത്തിലും ഏറ്റവും ശക്തനായി നില്‍ക്കുന്ന കാലത്താണ് അദ്ദേഹത്തെ പോലും ചോദ്യം ചെയ്യാന്‍ പി.ടി തോമസ് തയ്യാറായത്.
വലിപ്പച്ചെറുപ്പം നോക്കാതെ നേതാക്കളെ ചോദ്യം ചെയ്യേണ്ടിടത്ത് അതിന് മുന്നോട്ടുവന്നു എന്നത് പി.ടിയുടെ സവിശേഷതയാണ്. അതിന്റെ പേരില്‍ തനിക്കുണ്ടായ രാഷ്ട്രീയ നഷ്ടങ്ങള്‍ പോലും അദ്ദേഹം വകവെച്ചിരുന്നില്ല. എ ഗ്രൂപ്പ് രാഷ്ട്രിയത്തില്‍ നിന്ന് പി.ടി എന്നും സിപിഎമ്മിനെയാണ് കടന്നാക്രമിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ നിലപാട് അദ്ദേഹം അവസാനകാലത്തും ഉയര്‍ത്തിപ്പിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിലപാട് സ്വീകരിക്കാനും പി.ടി മടിച്ചിട്ടില്ല.
തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ പി.ജെ ജോസഫിനെ മലര്‍ത്തിയടിച്ചത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം അത്ഭുതം സൃഷ്ടിച്ചിരുന്നു. 1991-96, 2001-06 കാലഘട്ടത്തിലാണ് അദ്ദേഹം തൊടുപഴയുടെ എം.എല്‍.എയായി നിയമസഭയിലെത്തിയത്. കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പി.ടിയുടെ സംഘടനാപാടവത്തിലൂടെ നിരവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം തന്നെ കെ.എസ്.യുവില്‍ പുരോഗമന ചിന്താഗതി വളര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.
ഏതൊരു വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്പോഴും അദ്ദേഹം കൃത്യമായി കാര്യങ്ങള്‍ പഠിച്ചിരുന്നു. പ്രതിപക്ഷ നിരയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പോരാളി കൂടിയായിരുന്നു പി.ടി. എ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ സീറ്റ് നഷ്ടപ്പെട്ട അദ്ദേഹത്തിന് 2016ല്‍ തൃക്കാക്കരയില്‍ മത്സരിപ്പിച്ചത് സിറ്റിങ് എംഎല്‍എ ബെന്നി ബെഹനാനെ മാറ്റിയ ശേഷമാണ്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ ഇടപെടലായിരുന്നു ഇതിന് വഴിവച്ചത്.
എറണാകുളത്ത് കെ.എസ്.യു നേതാവായിരിക്കുന്ന കാലത്താണ് മഹാരാജാസ് കോളേജില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റത്. അക്കാലത്ത് ചില ആരോപണങ്ങളും പി.ടിക്ക് നേരെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വിവാഹവും വിപ്ലവകരമായിരുന്നു. കെ.എസ്.യുവില്‍ സഹപ്രവര്‍ത്തകയായിരുന്ന ഉമയെയാണ് അദ്ദേഹം പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്ര വിവാഹമായിരുന്നു പി.ടിയുടേത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്.
Content Highlights: KPCC Working President and Thrikkakara MLA, PT Thomas Political Life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..