കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതുള്ള ശ്രമം നടത്തുന്നതായി പി.ടി. തോമസ് എംഎല്‍എ. 

ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ കാണാന്‍ സിനിമ മേഖലയിലുള്ളവര്‍ എത്തിയതും, നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചതും പ്രതിയായ നടന്‍ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചതും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇടത് സഹായാത്രകനുമായ സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന് അനുകൂലമായി രംഗത്ത് വന്നത് അത്യന്തം അപഹാസ്യമാണ്. അദ്ദേഹത്ത് പോലുള്ളവരുടെ പ്രസ്താവനയുടെ ഫലമായാണ് പ്രതിയെ അനുകൂലിച്ച് ഇത്രയധികം ആളുകള്‍ മുന്നോട്ട് വരാന്‍ കാരണമെന്നും പി.ടി. തോമസ് ആരോപിച്ചു. 

മുകേഷ്, ഗണേഷ്, ഇന്നസെന്റ് തുടങ്ങിയ ഇടത് അനുകൂല സിനിമാ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഈ കേസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ്. ഇതിന്റെ ഫലമായി പോലീസ് അന്വേഷണം മയപ്പെടുത്തിയെന്ന് സംശയമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. സ്ത്രീ സുരക്ഷ ഉറപ്പ് നല്‍കി അധികാരത്തിലേറിയ സര്‍ക്കാരിന്റെ എംഎല്‍എമാരുടെ ഇത്രയും നാണംകെട്ട പ്രവര്‍ത്തിക്ക് മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങുന്നതില്‍ വരെ അഭിപ്രായം പറയുന്ന പാര്‍ട്ടിയാണ് സിപിഎം, അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെയും ഒരു എംപിയുടെയും മുന്‍ എംഎല്‍എയും എംപിയുമായ സെബാസ്റ്റ്യന്‍ പോളിന്റെയും അഭിപ്രായത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഹൈക്കോടതിയില്‍ നിന്ന് ഇന്നലെയുണ്ടായ വിമര്‍ശം പ്രോസിക്യൂഷന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണെന്നും പി.ടി. തോമസ് പറഞ്ഞു.