കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറ​ന്റയ്ൻ ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് പി.ടി.തോമസ് എംഎൽഎ. മാർച്ച് 19 മുതൽ എയർപോർട്ട് അ‌ടയ്ക്കുന്നത് വരെ ഡ്യൂട്ടി ചെയ്തവരെ ക്വാറന്റയ്ൻ ചെയ്യാനുള്ള ഉത്തരവ് വന്നത് ഒരു ആരോഗ്യപ്രവർത്തകന് രോഗബാധ സ്ഥിരീകരിച്ച ശേഷം മാത്രമാണെന്നും ഇവരിൽ പലരും ഇതിനകം ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള തങ്ങളുടെ മാതൃസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നെന്നും പി.ടി.തോമസ് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തി അ‌ദ്ദേഹം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയാണ് എയർപോർട്ടിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും മറ്റും നിയോഗിച്ചിരുന്നത്. എയർപോർട്ട് അ‌ടച്ചിടുന്ന സാഹചര്യം ഉണ്ടായപ്പോൾ ഇവരെല്ലാം അ‌വരവരുടെ സ്ഥാപനങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. രോഗികളുമായി സമ്പർക്കത്തിൽ വന്നവർ എന്ന നിലയിൽ ഇവരെ ക്വാറന്റയ്ൻ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കത്തിൽ പറയുന്നു.

പി.ടി.തോമസ് മുഖ്യമന്ത്രിക്ക് അ‌യച്ച കത്തിൽ നിന്ന്:

മാർച്ച് 19 മുതൽ എയർപോർട്ട് അ‌ടച്ചിടുന്ന 23, 24 തീയതി വരെ ഡ്യൂട്ടി ചെയ്ത മുഴുവൻ ആരോഗ്യപ്രവർത്തകരെയും കുറേ ഡോക്ടർമാരെയും അ‌വരുടെ സഹായികളായി പ്രവർത്തിച്ചവരെയും ക്വാറ​ന്റയ്ൻ ചെയ്യുന്നതിനുള്ള ഉത്തരവ് ഇറങ്ങുന്നത് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട ഒരാൾ രോഗബാധിതനായ ശേഷം 29.03.2020ൽ മാത്രമാണ്. ഇതിനകം എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ആളുകളും അ‌വരുടെ പഴയ മാതൃസ്ഥാപനങ്ങളിൽ തിരികെയെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു.

ഇങ്ങനെ ഡ്യൂട്ടിയിൽ പ്രവേശിച്ച രണ്ടു പേർക്കാണ് പിന്നീട് ​കൊറോണ സ്ഥിരീകരിച്ചത്. ജോലി​യിൽ തിരികെ പ്രവേശിച്ച് ഒരാഴ്ചയോളം കഴിഞ്ഞാണ് ഇവർക്ക് ക്വാറന്റയ്ൻ നിർ​ദേശിച്ചത്. എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായ ചില ഡോക്ടർമാർ ജനറൽ ആശുപത്രി പോലുള്ള മാതൃസ്ഥാപനങ്ങളിൽ ഓപ്പറേഷൻ പോലും നടത്തി. ഗുരുതരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ വീഴ്ചയാണിത്.

ഇക്കാര്യം ഈ നിമിഷം വരെ അ‌ങ്ങ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിട്ടില്ല. പത്ത് ദിവസമാകാറായിട്ടും ഇവരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ ദുഖിപ്പിക്കുന്നതാണ് ഈ നടപടി.

മാർച്ച് 28ന് കോവിഡ് പോസിറ്റീവായ രോഗിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മുൻകരുതലൊന്നുമില്ലാതെ ഒപ്പം വന്നവർക്കൊപ്പം മെഡിക്കൽ കോളേജിലേക്ക് വിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പി.ടി.തോമസ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും മുഖ്യമന്ത്രിയും നടത്തുന്ന നല്ല പ്രവർത്തനങ്ങളെ അ‌ഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.