തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടന്ന ചടങ്ങിന്റെ ചിത്രമാണിതെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

" ഞാനാണോ മാപ്പ് പറയേണ്ടതെന്ന് പടം നോക്കിയിട്ട് തീരുമാനിക്കൂ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തു നില്‍ക്കുന്ന പടമാണ്. ഇത് കോഴിക്കോട് എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് കൈകൊടുത്ത് നിൽക്കുന്നയാളാണ് ഈ കുപ്രസിദ്ധ കേസിലെ ഒന്നാമത്തെയാള്‍. ഇത് യഥാര്‍ത്ഥ പടത്തില്‍ നിന്ന് എടുത്തതാണ്. ഇത് സഭയില്‍ ഞാന്‍ കാണിച്ചു. 2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, 2017 ഫെബ്രുവരി 16,18,20, 24 തീയതികളില്‍ ദേശാഭിമാനി മാംഗോയുടെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി, ചിരപരിചിതനായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെ. എം.ടിയെ ആദരിക്കുന്ന ചടങ്ങ് 24നായിരുന്നു. അവിടെവെച്ചാണ് കൈ കൊടുത്തതെന്നാണ് വിചാരിക്കുന്നത്. ഇല്ലെങ്കില്‍ ഈ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചോട്ടെ."- പി.ടി. തോമസ് പറഞ്ഞു.

"2016ല്‍ ഇവരെ ഇതേപോലെ ഒരു സ്‌റ്റേജില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി അത് പറഞ്ഞു. 2017 ജനുവരി 21ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ട്, 22ന് രാവിലെ 9 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പറയപ്പെടുന്ന സംഭവം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ക്യാന്‍സല്‍ ചെയ്തു. ഈപ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് തേവര പോലീസ് സ്‌റ്റേഷനില്‍ നേരത്തെ കൊണ്ടുപോയിട്ടുണ്ട്. കര്‍ണാടക പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ വയനാട്ടില്‍ വന്നപ്പോള്‍, പോലീസിനെ ഓടിച്ചിട്ട് അടിച്ചതിന്റെ കേസുണ്ട്. ലുക്കൗട്ട് നോട്ടീസുണ്ട്. ദുബായില്‍ ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. മാറി നില്‍ക്ക് എന്ന് രീതിയില്‍ നിങ്ങളോട് പറഞ്ഞ രീതിയില്‍ ഇയാളുടെ കൈ തട്ടിക്കളഞ്ഞിരുന്നെങ്കില്‍ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരുന്നു. ഞാന്‍ സഭയില്‍ മാപ്പും പറഞ്ഞേനെ." - പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് കൊല്ലം എംഎല്‍എ എം. മുകേഷാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘാടകര്‍ കേസുകളില്‍ പ്രതികളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിന്മാറിയത്. മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് പി.ടി. തോമസ് ആരോപിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താന്‍ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PT Thomas against pinarayi vijayan