ധോണി ലീഡ് കോളേജിനും ഇന്ദിരാനഗറിനും സമീപത്ത് പി.ടി. 7 ആന കൂട്ടാളികളായെത്തിയ മറ്റ് രണ്ട് ആനകളെ നയിച്ച് റോഡിലൂടെ പോകുന്നു
പാലക്കാട്: ധോണിയിലെ ജനവാസമേഖലയില്‍ ചൊവ്വാഴ്ച പകല്‍ രണ്ട് കാട്ടാനകള്ക്കൊപ്പമെത്തി 'പി.ടി. 7' വീണ്ടും വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്. കാട് കയറ്റാന്‍ ദൗത്യസംഘത്തിനും നാട്ടുകാര്‍ക്കും പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറേകാലോടെയാണ് ധോണിയിലെ കോര്‍മ അപ്പക്കാട് ഭാഗത്തെ കാട്ടില്‍നിന്ന് 'പി.ടി. 7' രണ്ട് കാട്ടാനകള്‍ക്കൊപ്പം ജനവാസമേഖലയിലേക്കിറങ്ങിയത്. മുത്തങ്ങയില്‍നിന്നെത്തിയ ദൗത്യസംഘത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ കാടിന്റെ ഒരു വശത്ത് 'പി.ടി. 7'-നെ കാത്ത് റോന്തുചുറ്റുന്നതിനിടെയാണ് ഇവയുടെ കണ്ണ് വെട്ടിച്ച് മറ്റൊരു വഴിയിലൂടെ ഇവ കാടിറങ്ങിയത്. 'പി.ടി. 7'-നൊപ്പം വലിയ കൊമ്പുള്ള ആനയും മറ്റൊരു പിടിയാനയുമാണ് ഉണ്ടായിരുന്നത്.
ആനക്കൂട്ടത്ത കണ്ട് നാട്ടുകാര്‍ ബഹളം വെച്ചതോടെ ആനകള്‍ ഓടി വീടുകള്‍ക്ക് സമീപത്തെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് ആര്.ആര്.ടി. സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റാന്‍ ശ്രമം നടത്തി. ഇതിനിടെ ആനകള്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കെത്തി. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട് കയറ്റാന്‍ ആര്.ആര്.ടി. ശ്രമം നടത്തുന്നതിനിടെ സമീപത്തെ കോളനിറോഡിലൂടെ ഓടിയ ആനക്കൂട്ടം തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ നിലയുറപ്പിച്ചു.
'പി.ടി. 7' മുന്നിലായും ഒപ്പമെത്തിയ കൊമ്പനും പിടിയാനയും തൊട്ടുപിന്നിലായും ഇന്ദിരാനഗര്‍ കോളനി റോഡിലൂടെ ആരെയും കൂസാതെ നടന്നുനീങ്ങി. പിന്നീട് ഏറെ പണിപ്പെട്ടാണ് എട്ടേകാലോടെ വരകുളം ഭാഗത്തെ കാട്ടിലേക്ക് ആനക്കൂട്ടത്തെ കയറ്റിവിടാനായത്. വയനാട് ദൗത്യസംഘത്തിലെ കുങ്കിയാനകളും ആനക്കൂട്ടത്തെ കാട് കയറ്റാനെത്തി.
ആന കൂട്ടുചേര്‍ന്നെന്ന് വനംവകുപ്പ്
'പി.ടി. 7' കൂട്ടാനകളുമായി ചേര്‍ന്ന് ധോണി കാടിന്റെ അതിര്‍ത്തി കടന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങിയെന്ന് വനം അസി. കണ്‍സര്‍വേറ്റര്‍ ബി. രഞ്ജിത്ത് അറിയിച്ചു. നിലവില്‍ ധോണിയിലുള്ള ദൗത്യസംഘം മുഴുവന്‍ ആനക്കൂട്ടത്തിന് പിന്നാലെയാണ്. കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും എ.സി.എഫ്. പറഞ്ഞു.
വനാതിര്‍ത്തിയിലെ കുങ്കിയാനകളുടെ സ്ഥിരസാന്നിധ്യം തിരിച്ചറിഞ്ഞ് മൂന്ന് ദിവസമായി കാടിറങ്ങാതിരുന്ന കൊമ്പന്റെ പുതിയ നീക്കം വനപാലകരെയും അമ്പരപ്പിച്ചിട്ടുണ്ട്. കൂട്ടാനകളെ നയിച്ചെത്തിയത് 'പി.ടി. 7' ആണെന്ന് സ്ഥിരീകരിക്കാന്‍ തുടക്കത്തില്‍ വനപാലകരും തയ്യാറായിരുന്നില്ല.
ഇനി പാടുപെടും
കൂട്ടം ചേര്‍ന്നതോടെ ആനയെ എത്രയും വേഗം മയക്കുവെടി വെച്ച് പിടികൂടാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. കരുത്തനായ മറ്റൊരു കൊമ്പനാന കൂട്ടത്തില്‍ കൂടിയിട്ടുള്ളതിനാല്‍ ദൗത്യസംഘത്തിന് നേരെ പ്രത്യാക്രമണത്തിന് സാധ്യതയേറെയാണ്. ഇതുമൂലം കുങ്കിയാനകള്‍ക്ക് 'പി.ടി. 7'-നെ വനാതിര്‍ത്തിയിലോ വനത്തിനുള്ളിലോ മുന്ദിവസങ്ങളിലെപ്പോലെ എളുപ്പത്തില്‍ പിന്തുടരാനാവില്ല.
മറ്റ് മാര്‍ഗങ്ങളിലൂടെ ആനക്കൂട്ടത്തെ പിരിക്കുകയോ സ്വയമേവ മറ്റ് ആനകള്‍ പിരിഞ്ഞുപോകുകയോ ചെയ്താല്‍ മാത്രമേ 'പി.ടി.7'-നെ പിടികൂടുകയെന്ന ലക്ഷ്യത്തിലേക്ക് ദൗത്യസംഘത്തിന് അടുക്കാനാവൂയെന്ന സ്ഥിതിയാണ്. പി.ടി. 7 കൂട്ടാനകള്ക്കൊപ്പം ഉള്‍ക്കാട്ടിലേക്ക് കയറിയാല്‍ മയക്കുവെടി വെച്ച് പിടിക്കുന്നത് എളുപ്പമല്ലാതാവും.
പി.ടി.7-നൊപ്പം ചേര്‍ന്ന ആനകള്‍ ധോണി മേഖലയിലെ സ്ഥിരം ആനക്കൂട്ടത്തില്നിന്നുള്ളതോ മലമ്പുഴ ഫാം പരിസരത്ത് നാശമുണ്ടാക്കിയശേഷം കാട് കയറ്റിയ ആനക്കൂട്ടത്തില്പ്പെട്ടവയോ ആകാമെന്നാണ് വനപാലകരുടെ നിഗമനം.
വയനാട്ടില്‍നിന്നുള്ള ആദ്യസംഘം ഇന്ന് തിരിച്ചെത്തും
സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് പി.എം. രണ്ട് ആനയെ പിടിച്ച് മുത്തങ്ങയിലെത്തിച്ച ദൗത്യസംഘത്തിലുള്‍പ്പെട്ട കുറച്ചുപേര്‍ ബുധനാഴ്ച വൈകീട്ടോടെ ധോണിയില്‍ മടങ്ങിയെത്തുമെന്ന് എ.സി.എഫ്. പറഞ്ഞു. ആനക്കൂട് നിര്‍മിക്കുന്ന സംഘമാണ് തിരിച്ചെത്തുന്നത്. തുടര്‍ന്ന് ഇവര്‍ കൂടിന്റെ ബാക്കി ഭാഗങ്ങളുടെ നിര്‍മാണം തുടങ്ങും.
വെറ്ററിനറി ഓഫീസര്‍മാരടങ്ങുന്ന രണ്ടാമത്തെ സംഘം വൈകാതെ എത്തുമെന്നും ശനിയാഴ്ചയോടെ ദൗത്യം വീണ്ടും ഊര്ജ്ജിതമാക്കാനാവുമെന്നും വനപാലകര്‍ പറയുന്നു. ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ കാലിന്റെ പരിക്ക് ഭേദമാവുന്ന മുറയ്ക്ക് അദ്ദേഹവും സംഘത്തിനൊപ്പം ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വി.കെ. ശ്രീകണ്ഠന് എം.പി. എത്തി
ചൊവ്വാഴ്ച കാട്ടാനക്കൂട്ടം ഭീതി പരത്തിയ ധോണി ഇന്ദിരാനഗര്‍ കോളനിയും പരിസരവും വി.കെ. ശ്രീകണ്ഠന് എം.പി. സന്ദര്‍ശിച്ചു. 'പി.ടി. 7' ആനയെ പിടികൂടുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള അമാന്തവും പാടില്ലെന്ന് എം.പി. പറഞ്ഞു.
Content Highlights: pt 7 elephants again reaches palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..