
-
തിരുവനന്തപുരം: പി.എസ്.സി പിരിച്ചുവിടണമെന്ന് യുവമോർച്ച. കേരളത്തിലെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമനങ്ങള്‍ നടത്താന്‍ പി എസ് സി ക്ക് സാധിക്കാതെ വന്നിരിക്കുകയാണെന്നും പരീക്ഷകള്‍ നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ പിഎസ്സി ചെയ്തു കൊണ്ടിരിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് എല്ലാ വകുപ്പുകളിലും യഥേഷ്ടം പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണ്. സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ക്കാണ് മാനദണ്ഡങ്ങള്‍ നോക്കാതെ സിഡിറ്റില്‍ സ്ഥിര നിയമനത്തിന് ശുപാര്‍ശയിറക്കിയത്. സ്വജനപക്ഷപാതിത്തവും, കെടുകാര്യസ്ഥതയും, അഴിമതിയും മാത്രം മുഖമുദ്രയാക്കിയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പത്താം ക്ലാസു പോലും പാസാകാത്ത സ്വപ്ന സുരേഷിനെപ്പോലുള്ളവര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഇടം പിടിച്ചവര്‍ നിയമനം ലഭിക്കാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റും, എക്സൈസ് റാങ്ക് ലിസ്റ്റും ഉള്‍പ്പെടെ നിരവധി ലിസ്റ്റുകള്‍ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തി കാലാവധി അവസാനിച്ചിരിക്കുന്നു. ലഭ്യമായ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ അക്ഷരാര്‍ത്ഥത്തില്‍ നിയമന നിരോധനം കേരളത്തില്‍ നടപ്പിലാക്കുകയാണ്.
പാര്‍ട്ടിക്കാരെയും ഇടതുപക്ഷ അനുഭാവികളെയും മാത്രം നിയമിക്കുന്ന സംവിധാനങ്ങള്‍ ഉള്ള നാട്ടില്‍ പിഎസ്സിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Content Highlight: PSC should be dissolved; Yuva Morcha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..