പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: കോവിഡ് സമയത്ത് ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നതു കണക്കിലെടുത്ത് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനല്കണമായിരുന്നെന്ന് ഹൈക്കോടതി. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസംകൂടി നീട്ടിനല്‍കിയതായി കണക്കാക്കണം. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ളെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ പട്ടികകള്‍ക്ക് 2021 ഓഗസ്റ്റ് നാലുവരെ പി.എസ്.സി. സമയം നീട്ടിനല്‍കിയിരുന്നു. ഇങ്ങനെ നീട്ടിനല്‍കിയപ്പോള്‍ ചില റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസത്തില്‍ കുറവാണ് ലഭിച്ചതെന്നും ഏകീകൃതസ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്കിയ അപ്പീലിലാണ് ഉത്തരവ്.
ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും (കെ.എ.ടി.) സിംഗിള്‍ ബെഞ്ചും തള്ളിയതിനെത്തുടര്‍ന്നായിരുന്നു അപ്പീല്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നുവന്നാല്‍ മൂന്നുമാസംമുതല്‍ ഒന്നരവര്‍ഷംവരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ചട്ടപ്രകാരം പി.എസ്.സി.ക്ക് അധികാരമുണ്ട്.
നീട്ടുന്ന കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് പട്ടികയിലുള്ളവരെ പരിഗണിച്ച് അഡൈ്വസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടെന്ന് കോടതി വിലയിരുത്തി.
പി.എസ്.സി: അധിക കാലാവധി 490 പട്ടികകള്‍ക്ക്
തിരുവനന്തപുരം: കോവിഡ് പ്രമാണിച്ച് പി.എസ്.സി. അധിക കാലാവധി അനുവദിച്ചത് 490 റാങ്ക്പട്ടികകള്‍ക്കാണ്. ഒരുദിവസംമുതല്‍ മൂന്നുമാസംവരെ അധികസമയം ലഭിച്ച പട്ടികകളുണ്ട്. 2021 ഫെബ്രുവരി അഞ്ചിനും 2021 ഓഗസ്റ്റ് മൂന്നിനും ഇടയില്‍ മൂന്നുവര്‍ഷ കാലാവധി അവസാനിക്കുന്ന റാങ്ക്പട്ടികകള്‍ക്ക് പൊതുവായി 2021 ഓഗസ്റ്റ് നാലുവരെയാണ് അധികസമയം നല്‍കിയത്.
റാങ്ക്പട്ടികകള്‍ക്ക് അനുവദിക്കുന്ന അധിക കാലാവധി കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണമെന്നാണ് നടപടിച്ചട്ടത്തിലുള്ളത്. അതിനാല്‍ എല്ലാ റാങ്ക്പട്ടികകള്‍ക്കും തുല്യമായി മൂന്നുമാസം അധികമായി ലഭിക്കണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
കോടതിയെ സമീപിച്ചവരില്‍ 2018-ല്‍ നിലവില്‍വന്ന ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് പട്ടികക്കാര്‍ക്ക് 14 ജില്ലകളിലും മൂന്നുമാസം കാലാവധി ലഭിക്കും. ഈ പട്ടിക 2021 ജൂണ്‍ 29-ന് കാലാവധി പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, ഒരുമാസവും അഞ്ചുദിവസവും അധികം നല്കി 2021 ഓഗസ്റ്റ് നാലിന് പി.എസ്.സി. പട്ടിക റദ്ദാക്കി. ഹൈക്കോടതിവിധിയിലൂടെ ഇനി 2021 സെപ്റ്റംബര്‍ 29 വരെ പട്ടികയ്ക്ക് പ്രാബല്യമുണ്ടാകും.
നിയമന നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്മാന്
വിധി അനുസരിച്ചുള്ള നിയമന നടപടികള്‍ ആരംഭിക്കുമെന്ന് പി.എസ്.സി. ചെയര്മാന് എം.കെ. സക്കീര്‍ അറിയിച്ചു. സാധാരണചെയ്യുന്ന രീതിയിലാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റാങ്ക്പട്ടികകള്‍ക്ക് അധിക കാലാവധി അനുവദിച്ചത്. പുതിയ റാങ്ക്പട്ടിക നിലവില്‍വരാത്തതിനാല്‍ ഒഴിവുകള്‍ നിലവിലുണ്ട്. കോടതി നിര്‍ദേശിച്ച കാലയളവിലേക്കുള്ള ഒഴിവുകളില്‍ പഴയ റാങ്ക്പട്ടികകളില്‍നിന്ന് നിയമനം നടത്താന്‍ മറ്റ് തടസ്സങ്ങളില്ലെന്നും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..