തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്ക്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തി.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍. 

ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യില്‍നിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുന്‍ നേതാവും.

പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്‍നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍നിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളില്‍നിന്നാണ് എസ്.എം.എസ്. വന്നത്. ഇതില്‍ ഒരു നമ്പറില്‍നിന്നുതന്നെ രണ്ടുപേര്‍ക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാല്‍, ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പോലീസിനോട് ആവശ്യപ്പെട്ടത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെയാണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങളുയര്‍ന്നത്. തുടര്‍ന്ന് പി.എസ്.സി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. 

Content Highlights: psc police constable exam fraud by sfi leaders; a policeman also involved in exam malpractice