കൊല്ലം: പി.എസ്‌.സി. പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഉദ്യോഗാര്‍ഥികളുടെ ബാഗുകള്‍ മോഷണം പോയി. കൊല്ലം ജില്ലയിലേക്ക് ഇന്ന് നടന്ന എല്‍ഡിസി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വനിതാ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളാണ് പരീക്ഷ ഹാളിന്റെ വരാന്തയില്‍ നിന്ന് മോഷണം പോയത്. 

തേവള്ളി മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉടനാണ് മോഷണ വിവരം അറിഞ്ഞത്. പണവും മൊബൈലുമുള്‍പ്പെടെ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. 

ചിന്നക്കട സ്വദേശിനി ആര്യ, തട്ടാമല സ്വദേശിനി അമൃത, ചാത്തന്നൂര്‍ സ്വദേശിനി ദീപ്തി, പരവൂര്‍ സ്വദേശിനി വീണ എന്നിവര്‍ക്കാണ് ബാഗ് നഷ്ടമായത്. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.

പുറത്തുനിന്ന് ആരെയും പരീക്ഷഹാളിന് അടുത്ത് പ്രവേശിപ്പിക്കാറില്ല. അതിനാല്‍ തന്നെ പരീക്ഷ കഴിഞ്ഞിറങ്ങിയ തിരക്കില്‍ ബാഗുകള്‍ മാറിപ്പോയതോ ആകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു