തിരുവനന്തപുരം: മുന്‍ എസ്.എഫ്.ഐ. നേതാക്കള്‍ കോപ്പിയടിയിലൂടെ റാങ്ക് പട്ടികയില്‍ ഇടംനേടിയ പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 

പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ ശാസ്ത്രീയപരിശോധനകള്‍ തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇനി പി.എസ്.സിയാണ് റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കേണ്ടത്. 

ചില വിദ്യാര്‍ഥിനേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന കാരണത്താല്‍ റാങ്ക് പട്ടികയും പരീക്ഷയും റദ്ദാക്കുന്നതിനെതിരെ മറ്റു ഉദ്യോഗാര്‍ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് ആശ്വാസം പകരുന്നതാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അതേസമയം, പി.എസ്.സി. പരീക്ഷയില്‍ ചില പരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ അടക്കം സംശയത്തിലായിരുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ അന്വേഷണം നിര്‍ജീവമാക്കി പരീക്ഷാക്രമക്കേടിനെ നിസാരവല്‍ക്കരിക്കുന്നതാണെന്ന ആക്ഷേപവുമുണ്ട്. 

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്,നസീം,പ്രണവ് എന്നിവരാണ് പി.എസ്.സി. പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടംനേടിയിരുന്നത്. ഇതില്‍ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസര്‍കോട് ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്.  യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു. 

Content Highlights: psc exam fraud; crime branch report says dont need to cancel cpo psc exam