തിരുവനന്തപുരം: പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാര്‍ക്കെതിരേ കൂടി കേസെടുത്തു. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 

കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷാസമയം ഗോകുല്‍ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവര്‍ കൃത്രിമമായി രേഖയുണ്ടാക്കിയത്. പരീക്ഷാത്തട്ടിപ്പ് കേസില്‍ നേരത്തെ പ്രതിയായ ഗോകുലിനെയും പുതിയ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പരീക്ഷാത്തട്ടിപ്പിന് സഹായിച്ച കൂടുതല്‍പേരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നത്. ഇതില്‍ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസര്‍കോട് ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്.  യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചതിനാണ് പോലീസുകാരനായ ഗോകുലിനെയും സഫീറിനെയും പിടികൂടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ നസീമും ശിവരഞ്ജിത്തും കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയിരുന്നു. 

Content Highlights: psc exam fraud case; crime branch registered new case against three more police officers