തിരുവനന്തപുരം: ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സി.ക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. ആരുവിചാരിച്ചാലും അത് മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞ ചെയർമാൻ മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർഥി ആഗ്രഹിക്കരുതെന്നും പറഞ്ഞു.

'യൂണിഫോം, പോലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരുവർഷം കഴിഞ്ഞാൽ മൂന്നുവർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്നനിലവാരം പുലർത്തുന്നവർ തിരഞ്ഞെടുക്കപ്പെടുന്നു അത് കഴിയുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരുവർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ല.

മൂന്നാമത്തെ വിഭാഗമാണ് അധ്യാപകർ, എൽഡി ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്ന ജനറൽ വിഭാഗം. യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്കേ നീട്ടാനാകു. ഏറ്റവും കൂടുതലായി മൂന്നുവർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂ. 1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം. എന്നാൽ കാലങ്ങളായി പിഎസ് സി ജനറൽ വിഭാഗത്തിന് മൂന്നുവർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമപ്രകാരം അവസാനിച്ചു.' ചെയർമാൻ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിലും പിഎസ്‌സി നൂറുശതമാനം അറ്റന്‍ഡന്‍സോടെ പ്രവര്‍ത്തിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും ഒഴിവുകള്‍ പി.എസ്.സിക്ക് പിടിച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 


Content Highlights:psc chairman M K Sakeer Press Meet