കൊച്ചി: സംസ്ഥാനത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ പി.എസ്.സി. ഹൈക്കോടതിയില്‍. സെപ്റ്റംബര്‍ 29 വരെ കാലാവധി നീട്ടി ട്രൈബ്യൂണല്‍ ഇറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് പി.എസ്.സി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

സംസഥാനത്ത് നിലവില്‍ റാങ്ക് ലിസ്റ്റ് നീട്ടേണ്ട സാഹചര്യമില്ലെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ പറയുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കാലാവധി നീട്ടണമെങ്കില്‍ അസാധാരണമായ ചില സാഹചര്യങ്ങള്‍ കൂടി ഉണ്ടാകണം. പുതിയ പരീക്ഷ നടക്കാതിരിക്കുകയോ നിലവില്‍ പുറത്തിറക്കിയ ലിസ്റ്റില്‍ നിന്ന് നിയമനം നടക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമേ അതിന് സാധ്യതയുള്ളു.

എന്നാല്‍ 14 ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പരീക്ഷ നടത്തിയ സാഹചര്യമുണ്ട്. അതിനിടയില്‍ പഴയ ലിസ്റ്റ് വീണ്ടും നീട്ടിയാല്‍ അത് പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണെന്നും പരീക്ഷ എഴുതി നിരവധിപേര്‍ കാത്തിരിക്കുന്നുണ്ടെന്നും പി.എസ്.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വീണ്ടും നിലപാട് വ്യക്തമാക്കുകയും പി.എസ്.സി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ലാസ്റ്റ് ഗ്രേഡ്,എല്‍.ഡി.സി, സ്റ്റാഫ് നഴ്‌സ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ എന്നീ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്.

റാങ്ക് ലിസ്റ്റ് നീട്ടിയില്ലെങ്കില്‍ പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മുന്‍കാല ലിസ്റ്റുകളില്‍ നിന്ന് നിയമനം നടന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക്ഡൗണ്‍, തിരഞ്ഞെടുപ്പ് എന്നിവ കാരണം നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

Content Highlights: PSC aproaches HC demanding stay order in the extension of ranklist