കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഡോ. അബ്രഹാം ബെന്‍ഹര്‍ രചിച്ച 'ജൂതഭാരതം' എന്ന പുസ്തകം പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനംചെയ്ത ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. നസ്രാണി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. മേയര്‍ ഡോ. ബീനാ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി.

രാജ്യത്തെ നാല് കര്‍ദിനാള്‍മാരില്‍ മൂവരും ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അപ്പോള്‍ പറഞ്ഞ കാര്യങ്ങളിലൊന്നാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയും മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കലും -അദ്ദേഹം പറഞ്ഞു. 

സംവിധായകന്‍ അലി അക്ബര്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍, ഡോ. എബ്രഹാം ബെന്‍ഹര്‍, കെ.ടി. തോമസ് കണ്ടംചിറ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: PS Sreedharan Pillai, Narendra Modi, Pope