പൂജപ്പുരയിൽ പി.എൻ.പണിക്കരുടെ പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കുന്നു, ആര്യാ രാജേന്ദ്രൻ | photo: mathrubhumi
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ അന്വേഷണം. കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ നടന്ന പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്.
പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. ഇത് ചടങ്ങ് വൈകാനും കാരണമായി.
ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഷ്ട്രപതിയുടെ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു.
വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ഇതും പിഴവായാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. സംഘാടകരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
content highlights: protocol violation during president visit, inquiry started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..