എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മിഠായിതെരുവിലേക്ക് നടത്തിയ പ്രതിഷേധം പോലീസ് തടയുന്നു |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ച.
കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രി എ.കെ.ശശീന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ല.
സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ സമരം നടന്നുവരികയാണ്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. വ്യാപാരികളുടെ പ്രശ്നം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികള്‍ക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ 'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന പ്രസ്താവന വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു. യുഡിഎഫും ബിജെപിയും വ്യാപാരികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സര്‍ക്കാര്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..