മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനൊരുങ്ങി എല്‍ഡിഎഫ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 21 മുതല്‍ റാലിയും യോഗവും നടത്താന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാഷ്ട്രീയവിശദീകരണം നല്‍കുകയാണ് യോഗങ്ങളുടെ ഉദ്ദേശം.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിമാനത്തില്‍ അരങ്ങേറിയതെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ആരോപിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അവസാന നിമിഷമാണ് മൂന്ന് പേര് വിമാനത്തില്‍ കയറിയത്. ഇതിലൊരാള്‍ വധശ്രമക്കേസ് ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. കൂടെയുള്ളവര്‍ക്കെതിരേയുംനിരവധി കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണിത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ജനങ്ങളെ അണിനിരത്തും.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന, 20 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുന്‍നിര്‍ത്തിയാണ് യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ചിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ് യുഡിഎഫ് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി, ആര്‍എസ്എസ്, എസ്ഡിപിഐയുടെ സഹായത്തോടെയാണ് തൃക്കാക്കരയില്‍ യുഡിഎഫ് അധികാരത്തില്‍ വന്നത്. വികസനപദ്ധതികളെ അലങ്കോലപ്പെടുത്താനുള്ള കൂട്ടുകെട്ടാണ് ഇത്. ഈ കാര്യം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കും. വികസനവിരോധികളുടേയും അക്രമികളുടേയും അഴിഞ്ഞാട്ടമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ഇ.പി ജയരാജന് പറഞ്ഞു.
Content Highlights: Protests against CM; LDF to begin explanatory meetings and rally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..