ന്യൂഡല്‍ഹി: സ്ലീപ്പര്‍ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയും വിതരണം ചെയ്യുന്ന സമ്പ്രദായം തുടരുമെന്ന് റെയില്‍വേ ചെയര്‍മാന്‍. തീവണ്ടികളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിങ് കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തില്‍ ഈ തീരുമാനം റദ്ദാക്കിയിരുന്നു. ഈ രീതിയില്‍ തന്നെ കാര്യങ്ങള്‍ നിലനിര്‍ത്താനാണ് റെയില്‍വേയുടെ പുതിയ തീരുമാനം.

 

തീരുമാനം റദ്ദാക്കിയിരുന്നെങ്കിലും ഇത് താല്‍ക്കാലികമാണെന്നും പുന:പരിശോധന നടത്തി ഉടന്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നുമായിരുന്നു റെയില്‍വേ അറിയിച്ചിരുന്നത്. റിര്‍വ്വേഷന്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് കൗണ്ടര്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുന്ന രീതി നിര്‍ത്തലാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നത്.

 

ഇതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ തല്‍ക്കാലത്തേക്ക് അത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്‌. റെയില്‍വേ ബോര്‍ഡിന്റെ ഈ തീരുമാനം റദ്ദാക്കിയെന്ന് അറിയിച്ച് കേരളസര്‍ക്കാരിന് റയില്‍വെയുടെ കത്തുലഭിച്ചു.

 

സപ്തംബര്‍ 16 മുതലാണ് പാലക്കാട് ഡിവിഷനില്‍ തീരുമാനം പ്രാബല്യത്തില്‍വന്നത്. ബുക്കിങ് ഓഫീസുകളില്‍ സാധാരണ ടിക്കറ്റുകള്‍ മാത്രം വിതരണംചെയ്തത് എതിര്‍പ്പിനിടയാക്കി. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. അത് വേണ്ടെന്നു വെയ്ക്കുന്നതായിരുന്നു വിവാദതീരുമാനം.