വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ എന്നിവരെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധസമരം നടത്തിയ സംഭവത്തില്‍ കേസെടുത്ത് കേരളാപോലീസ്. വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാല്‍ സി.ഐ.എസ്.എഫ്. സംഭവത്തില്‍ കേസെടുത്തിട്ടില്ല.
കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.
വിമാനത്തില്‍ സംഘര്‍ഷമുണ്ടായത് പ്രത്യേകം കേസെടുക്കണമെങ്കില്‍ പൈലറ്റ് പരാതി നല്‍കണം. ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അഞ്ചുമണിക്ക് തിരുവനന്തപുരത്തെത്തിയ വിമാനം 5.30-ന് കൊച്ചിയിലേക്ക് മടങ്ങിപ്പോയി.
76 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രചെയ്തത്. വിമാനം ലാന്‍ഡുചെയ്തശേഷം പ്രതിഷേധക്കാര്‍ ശൗചാലയത്തിലേക്കു പോയിരുന്നു. മടങ്ങിയെത്തി മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന സീറ്റ് വ്യക്തമായി മനസ്സിലാക്കിയശേഷമാണ് പ്രതിഷേധം നടത്തിയത്.
എന്നാല്‍, തങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യംവിളിച്ച് പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി. ജയരാജന്റെ ആരോപണം അസത്യമാണെന്നും ഇവര്‍ പറഞ്ഞു.
അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.
മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ''എന്തിനാടാ രാജിവെക്കുന്നതെ''ന്ന് ചോദിച്ച് തള്ളിയതോടെ ഫര്‍സീന്‍ പിന്നിലേക്കു മറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവരെയും കീഴടക്കി. ഒന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പുറത്തിറങ്ങി. താഴെവീണ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ ഇവരെ വിമാനത്തില്‍ നിന്ന് വീല്‍ച്ചെയറില്‍ വിമാനത്താവളത്തിലെത്തിച്ചു.
മുട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്. മുട്ടനൂര്‍ കൊടോളിപ്രം സ്വദേശിയായ ആര്‍.കെ. നവീന്‍കുമാര്‍ മുട്ടനൂര്‍ സഹകരണ സൊസൈറ്റി ജീവനക്കാരനാണ്. തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് പോവുകയാണെന്നാണ് ഇരുവരും പറഞ്ഞത്.
വിമാനത്തിലെ കൈയാങ്കളി: യാത്രാവിലക്കും തടവും ലഭിക്കാം
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍പ്രകാരം വിമാനത്തില്‍ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരുവര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. 1937-ലെ ഈ നിയമം 2018-ല്‍ പരിഷ്‌കരിച്ചതുമാണ്. 2017 സെപ്റ്റംബറില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരിലുള്ള നിയമപ്രകാരം വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയില്‍നിന്ന് വിലക്കാനും കഴിയും.
ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറുമാസവും വിലക്കാം. ഇതില്‍ പിടിച്ചുതള്ളുന്നതും (പുഷ്) ഉള്‍പ്പെടും.
Content Highlights: protest on Plane: Kerala police file case; Offense punishable by travel and imprisonment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..