വിഴിഞ്ഞം സംഘര്‍ഷം; 2 പോലീസ് ജീപ്പുകള്‍ തകര്‍ത്തു, പോലീസുകാര്‍ക്ക് പരിക്ക്


വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവര്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ വളഞ്ഞതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ പ്രദേശത്ത് രൂപപ്പെട്ടത് വന്‍സംഘര്‍ഷാവസ്ഥ. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ എത്തിയത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.

പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് നാലുതവണ കണ്ണീര്‍ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 35 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പോലീസ് പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്.

തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പോലീസ് സ്‌റ്റേഷനിലെത്തി. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പോലീസും ഈ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.

പ്രതിഷേധക്കാര്‍ രണ്ട് പോലീസ് ജീപ്പുകള്‍ ആക്രമിക്കുകയും വാന്‍ തടയുകയും ചെയ്തു. വിഴിഞ്ഞം സ്‌റ്റേഷനിലെ ഉള്‍പ്പെടെയുള്ള ജീപ്പുകളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു. സംഘര്‍ഷം രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നന്ദാവനം എ.ആര്‍. ക്യാമ്പില്‍നിന്ന് 200 പോലീസുകാരെ സ്ഥലത്തേക്ക് അയച്ചു. എന്നാല്‍ അവര്‍ അവിടേക്ക് എത്തുമ്പോഴേക്കും ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു.

വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിസരത്തുനിന്നുള്ള ദൃശ്യം

പ്രതിഷേധക്കാര്‍ സ്‌റ്റേഷനിലെ ഒരു ഷെഡ് തകര്‍ത്തു. ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പോലീസുകാരുടെ തലയ്ക്ക് അടിച്ചുവെന്നുമാണ് വിവരം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ സ്‌റ്റേഷനുള്ളില്‍ കയറി അക്രമം കാണിച്ചുവെന്നും വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്‌റ്റേഷനില്‍ സമരക്കാരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.

തുറമുഖനിര്‍മാണത്തിന് പാറയുമായെത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങള്‍ ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തില്‍ തുറമുഖപദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ദിവസം മദ്യനിരോധനം

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

Content Highlights: protest at vizhinjam police station

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented