മലപ്പുറം: രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് സമരകോലാഹലങ്ങള്‍ കത്തിപ്പടരുമ്പോള്‍ മന്ത്രി കെ.ടി ജലീലിന്റെ വസതിയില്‍ എഴുത്തിനിരുത്തും ചോറൂണും. അയല്‍വാസിയും സുഹൃത്തുമായ രഞ്ജിത്തിന്റെ കുട്ടിയുടെ ചോറൂണ് ചടങ്ങിലാണ് ശനിയാഴ്ച രാവിലെ മന്ത്രി പങ്കെടുത്തത്. മന്ത്രിയുടെ വീട്ടിലേയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും തലസ്ഥാനം യുദ്ധക്കളമാകുകയും ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ വീട്ടിലെ ചോറൂണ് ചടങ്ങ്.

മന്ത്രി ജലീലിനെക്കൊണ്ട് കുഞ്ഞിന്റ ചോറൂണ് ചടങ്ങ് നടത്തണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഓണത്തിന് ചോറൂണ് നടത്തണമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും മന്ത്രിക്ക് എത്താന്‍ കഴിയാതിരുന്നതിനാല്‍ ഇപ്പോള്‍ ചടങ്ങ് നടത്തുകയായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രി വളാഞ്ചേരിയിലെ വീട്ടിലെത്തിയത്. 

നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ ചോദ്യംചെയ്തത്. ഇതിനു പിന്നാലെ സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ആരംഭിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന സമരം സംഘര്‍ഷത്തിലേക്കു നീങ്ങുകയും ലാത്തി ചാര്‍ജ് അടക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേയ്ക്കും വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയുടെ വീടിന് സമീപം വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുമുണ്ട്.

Content Highlights: Protest and lathicharge outside- minister Jaleel attending at his home in a ceremony