വിജയ് പി. നായർക്കെതിരെ പരാതി നൽകാൻ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി എന്നിവർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ| ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇയാളുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടയിലാണ് കൗണ്ടര്‍ പെറ്റീനഷനുമായി ഇയാള്‍ പോലീസിനെ സമീപിച്ചത്. ആദ്യം തനിക്ക് പരാതിയില്ല മാപ്പുപറയുന്നു എന്നായിരുന്നു വിജയ് പി നായരെടുത്ത നിലപാട്. ഇയാളുടെ പരാതിപ്രകാരം അതിക്രമിച്ചുകയറി, സംഘം ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചു, ലാപ്‌ടോപ്പ് എടുത്തുപോയി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തമ്പാനൂര്‍ പോലീസ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരേ കേസെടുത്തു. ഐപിസി 462, 294 ബി, 323, 506, 392, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശമങ്ങളും നടത്തിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്‌യുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഡോ.വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടയില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ക്കെതിരെയുളള പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ പേരില്‍ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായിക്കാം : വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഭാഗ്യലക്ഷ്മിയും സംഘവും മാപ്പ് പറയിപ്പിച്ചു
Content Highlights: Protest against Vijay P Nair: A case has been registered against Bhagyalakshmi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..