കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി. ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. 

സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നല്‍കി വശീകരിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്നും. ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമുള്ള ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. ഇന്ന് പി.ഡി.പിയും ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

ബിഷപ്പിന്റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കുമെന്നും മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും കാണിച്ച് മുസ്ലീം ഐക്യവേദി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും പോലീസില്‍ പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളുമായി മുസ്ലീം സംഘടനകള്‍ രംഗത്തുണ്ട്.

അതേസമയം ബിഷപ്പിനെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തുണ്ട്. സത്യം വിളിച്ചുപറയുന്ന ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നിലപാട്.

Content Highlights: Protest against Pala Bishop on Narcotic Jihad statement