കരിങ്കൊടി പ്രതിഷേധം, മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനവ്യൂഹത്തിന്റെ മരണപ്പാച്ചില്‍; അരക്ഷിതരായി ജനം


2 min read
Read later
Print
Share

പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിട്ടാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കുന്നത്.

ഫയൽ ഫോട്ടോ, മാതൃഭൂമി ആർക്കൈവ്‌സ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ അതിസുരക്ഷയ്ക്കായുള്ള വാഹനവ്യൂഹവും അതിന്റെ മരണപ്പാച്ചിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുള്ള കരിങ്കൊടി പ്രതിഷേധം കൂടിയായപ്പോള്‍ കാര്യങ്ങള്‍ സംഘര്‍ഷത്തിലായി. റോഡില്‍ കാത്തിരിക്കേണ്ടിവന്ന വാഹന യാത്രക്കാര്‍ പലസ്ഥലത്തും തിരക്കുണ്ടാക്കി. കുതിച്ചുപായുന്ന അകമ്പടി വാഹനങ്ങള്‍ക്കിടയിലേക്ക് കരിങ്കൊടിയുമായി ചാടിവീഴുന്ന യുവാക്കളില്‍ ചിലര്‍ ഭാഗ്യം കൊണ്ടാണ് വാഹനമിടിക്കാതെ രക്ഷപ്പെട്ടത്. കാസര്‍കോട്ടും കണ്ണൂര്‍ജില്ലയിലെ അഞ്ചരക്കണ്ടിയിലും തളിപ്പറമ്പിലും ഇതു കാണാനിടയായി.

മുഖ്യമന്ത്രി കടന്നുപോകുന്നതിനുമുമ്പ് ഒട്ടേറെ യുവാക്കളാണ് കരുതല്‍ തടങ്കലിലായത്. കണ്ണൂരില്‍ രാത്രി ഉറങ്ങിക്കിടന്നവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട്ട് കഴിഞ്ഞദിവസം കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യുവാവിന് നേരെ ലാത്തിവീശിയപ്പോള്‍ തലപൊട്ടി ചോരയൊഴുകി.

അകമ്പടി വാഹനത്തില്‍നിന്നും പ്രതിഷേധക്കാരെ അടിച്ചോടിക്കാന്‍ പോലീസ് ശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞദിവസം ചുടല ദേശീയപാതയില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള കമാന്‍ഡോകളുടെ വാഹനം ഇടിച്ചുകയറ്റാനുള്ള ശ്രമം ഉണ്ടായി.

പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിട്ടാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരും കരുതല്‍ തടങ്കലിലായി. കാസര്‍കോട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ ബലം പ്രയോഗിച്ച് റോഡില്‍ത്തന്നെ കിടത്തുകയായിരുന്നു. നീലേശ്വരം കോട്ടപ്പുറത്ത് പുരവഞ്ചികേന്ദ്രം ഉദ്ഘാടനത്തിയ മുഖ്യമന്ത്രിക്കായി പുഴയില്‍ ബോട്ടിലും തോണിയിലുമായാണ് പോലീസ് സുരക്ഷയൊരുക്കിയത്. 15 ഡിവൈ.എസ്.പി.മാര്‍, 40 ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 900 പോലീസുകാരെയാണ് കാസര്‍കോട്ട് സുരക്ഷാ ചുമതലയ്ക്കുണ്ടായത്.

കണ്ണൂര്‍ ജില്ലയില്‍ 11 പോലീസ് വാഹന സന്നാഹമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. 300-ലധികം പോലീസുകാര്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടു.

വാഹനവ്യൂഹത്തില്‍നിന്ന് ലാത്തിയടി

പൊയിനാച്ചി (കാസര്‍കോട്): കരിങ്കൊടി കാണിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീശിയ ലാത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം മുന്‍പ്രസിഡന്റ് രാകേഷ് കരിച്ചേരി(30)ക്കാണ് തലയ്ക്ക് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് സി.പി.എമ്മിന്റെ ജനകീയപ്രതിരോധജാഥയുടെ ഉദ്ഘാടനത്തിനുശേഷം ദേശീയപാതയിലൂടെ കാഞ്ഞങ്ങാട്ടേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.

പൊയിനാച്ചി സൗത്തില്‍വെച്ചാണ് രാകേഷും ചെമ്മനാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ. പ്രദീപ് കുമാറും കരിങ്കൊടിവീശി റോഡില്‍ ചാടിവീണത്. സംഭവസ്ഥലത്തിന്റെ അല്പമകലെ പോലീസ് സംഘമുണ്ടായിരുന്നു. അവരുടെ കണ്ണുവെട്ടിച്ചായിരുന്നു മിന്നല്‍ പ്രതിഷേധം.

മുഖ്യമന്ത്രിയുടെ കാറിന്റെ തൊട്ടുപിറകിലുണ്ടായിരുന്ന അകമ്പടി വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ലാത്തിവീശുകയായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.

കറുത്ത ടീഷര്‍ട്ടിട്ട് കരിങ്കൊടി വീശിയ രാകേഷ് ലാത്തിയടിയേറ്റ് വീണു. ഒഴിഞ്ഞുമാറിയതിനാലാണ് പ്രദീപിന് അടിയേല്‍ക്കാതിരുന്നത്.

നെറ്റിയുടെ ഇടതുഭാഗത്താണ് രാകേഷിന് അടിയേറ്റത്. മൂന്നുതുന്നലുണ്ട്. സ്‌കാനിങ്ങില്‍ തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടതിനാല്‍ രാത്രി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചൊവാഴ്ച വൈകീട്ടുവരെ പരാതികിട്ടിയില്ലെന്ന് മേല്‍പ്പറമ്പ് പോലീസ് പറഞ്ഞു.

കാസര്‍കോട്ട് ആറിടത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മാവുങ്കാലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും കാഞ്ഞങ്ങാട് യൂത്ത് ലീഗ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

കരിങ്കൊടി പ്രതിഷേധം: ഹര്‍ജി തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി വീശി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും നടപടി നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി സാം ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞവര്‍ഷം കൊച്ചി മെട്രോയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയപ്പോള്‍ കറുത്തവേഷം ധരിച്ച് വേദിക്കു സമീപത്ത് കണ്ടതിനെത്തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കരിങ്കൊടി പ്രതിഷേധം

അഞ്ചരക്കണ്ടി: സ്വന്തം മണ്ഡലത്തിലും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം.

അതിസുരക്ഷയില്‍ പിണറായിയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച അതിരാവിലെ അഞ്ചരക്കണ്ടി വഴി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിക്ക് നേരെയാണ് കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

റോഡിലേക്ക് ഇരച്ചുകയറിയ ഇവര്‍ പൈലറ്റ് വാഹനങ്ങളിടിക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിവേഗത്തിലായിരുന്നു വാഹനങ്ങള്‍ സഞ്ചരിച്ചത്. സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

Content Highlights: protest against CM Pinarayi Vijayan black flag CM's convoy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Earthquake

1 min

കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023


pinarayi vijayan

2 min

മൂന്നുതരം പാസ്, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭ മേഖലാസമ്മേളനം പണപ്പിരിവ് വിവാദത്തില്‍

Jun 1, 2023

Most Commented