വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധം, മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ജയരാൻ
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. തിങ്കളാഴ്ച കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുയര്‍ന്നത്. കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രവാക്യം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുനേരെ നടന്നെത്തിയ പ്രതിഷേധക്കാരെ ഇ.പി.ജയരാജനാണ് തള്ളിമാറ്റിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
'കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ടgമൂന്ന് പേര് ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍വച്ച് ഞാന്‍ തടഞ്ഞു. വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്' - ഇ.പി. വിശദീകരിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവര്‍. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കും. വി.ഡി.സതീശന് ഇതില്‍ മറുപടി പറയണം. അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന് ആരോപിച്ചു.
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത് ? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
'വെള്ളമടിച്ചിട്ട് ഇവര്‍ക്ക് മര്യാദയ്ക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ഉന്നത നേതാക്കള്‍ അറിയാതെ വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ സാധിക്കില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഭീകര സംഘടനകള്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളൂ. ഇവിടെ അത് അരങ്ങേറിയിരിക്കുകയാണ്. നാളെ ഇവര്‍ ബോംബുണ്ടാക്കി എറിയും. അതിലേക്കാണ് ഇവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സമരങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്' - പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..