തിരുവനന്തപുരം:കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍. പലയിടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സെക്രട്ടറിയേറ്റിലേക്ക് എംഎസ്ഫ്, മഹിളാമോര്‍ച്ച അടക്കമുളള സംഘടനകള്‍ മാര്‍ച്ച് നടത്തി. 

എംഎസ്എഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിന് പിന്നാലെയാണ് മഹിളാമോര്‍ച്ചയുടെ മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ബാരിക്കേഡുകള്‍ തള്ളിവീഴ്ത്താനുളള ശ്രമം മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായി. കെ.എസ്.യുവിന്റെ നേതൃത്വത്തിലുളള മാര്‍ച്ചും അധികം വൈകാതെ സെക്രട്ടറിയേറ്റിന് മുന്നിലെത്തും. 

കെ.ടി.ജലീലിനെ ഇഡി ചോദ്യം ചെയ്ത വാര്‍ത്ത പുറത്തു വന്നതുമുതല്‍ സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്രാപിച്ചിരുന്നില്ല. തിങ്കളാഴ്ച മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ പ്രതിഷേധം വീണ്ടും കനത്തിരിക്കുകയാണ്. 

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബിജെപി മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജും ഗ്രനേഡ് പ്രയോഗവും നടന്നു. മന്ത്രി ഇ.പി.ജയരാജിന്റെ രാജി ആവശ്യപ്പെട്ട് മട്ടന്നൂരില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് നടന്ന എംഎസ്എഫ് മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. 

Content Highlights: protest across kerala demanding resignation of K.T.Jaleel