കോഴിക്കോട്: ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഐക്യത്തോടുകൂടി മുന്നോട്ടുപോകണമെന്നും സമകാലിക കേരള രാഷ്ട്രീയത്തില്‍ ഇടത് ജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനുവേണ്ടി ഐഎന്‍എല്ലിന് വലിയെരു പങ്ക് വഹിക്കാനുണ്ടെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ആ ദൗത്യം ഏറ്റെടുക്കുന്നതിന് കാന്തപുരം വെച്ച നിര്‍ദേശങ്ങള്‍ തങ്ങള്‍ വിശാല മനസ്സോടെ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ വഹാബ് തന്നെയാണ് പ്രസിഡന്റെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

അഭിപ്രായങ്ങളുള്ള പാര്‍ട്ടിയായതിനാല്‍ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമെന്നാണ് എറണാകുളത്തെ ഐഎന്‍എല്‍ യോഗത്തിലെ കയ്യാങ്കളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അബ്ദുള്‍ വഹാബ് പറഞ്ഞത്. ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും സമാനതകളില്ലാത്ത വേഗതയില്‍ അത് പരിഹരിക്കാനുമായെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങളും പാര്‍ട്ടിയുടെ ഭാവി നടപടികളും വിശദമായി പിന്നീട് അറിയിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

Content Highlights: Problems in INL resolved says abdul wahab and kassim irikkur