തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് യു.ഡി.എഫ്. ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കി. കെ.സി.വേണുഗോപാലാണ് ഘടക കക്ഷി നേതാക്കളുമായി സംസാരിച്ചത്. 

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരേ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലും അതിന് മുമ്പുളള ഉഭയകക്ഷി യോഗത്തിലുമെല്ലാം കേണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് വളരെ കര്‍ക്കശമായ ഇടപെടല്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്. സമൂഹ്യ, സാമുദായിക സംഘടനാ നേതാക്കളുമായും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചനടത്തും

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യു.ഡി.എഫ് ഘടകകക്ഷികളുമായി ഫോണില്‍ സംസാരിച്ചു. ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകും, ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്, ഘടകകക്ഷികള്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന സന്ദേശമാണ് കെ.സി.വേണുഗോപാല്‍ പ്രധാനപ്പെട്ട എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. 

പി.വി.മോഹന്‍, പി.വിശ്വനാഥ്, ഇവാന്‍ ഡിസൂസ എന്നീ മൂന്ന് എ.ഐ.സി.സി. സെക്രട്ടറിമാരെ കേരളത്തിന്റെ ചുമതലയിലേക്ക്  നിയോഗിച്ചിട്ടുണ്ട്. അവര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തില്‍ കാണും. വിവിധ ജില്ലകളില്‍ സന്ദര്‍ശിക്കുകയും ആ ജില്ലകളിലെ സാമൂഹിക, സാമുദായിക,  നേതാക്കള്‍ തുടങ്ങിയവരുമായി ഇവര്‍ ആശയവിനിമയം നടത്തും, ഹൈക്കമാന്‍ഡുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

27-ാം തിയതി കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലുണ്ട്. അന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിലും എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. താരിഖ് അന്‍വര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള കാര്യങ്ങളില്‍ കൃത്യമായി ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

Content Highlights: Problems can be solved, UDF KC Venugopal's assurance to the alliance party leaders