കോഴിക്കോട്:  രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ കേരളകോണ്‍ഗ്രസ്  ഉറച്ച് നില്‍ക്കുമ്പോള്‍ ഇനി പ്രശ്‌നപരിഹാരത്തിന് ഇടപെടില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ്. അവരുടെ പ്രശ്‌നം അവര്‍  തന്നെ പരിഹരിക്കട്ടെയെന്നും കേരളകോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയതെന്നും അതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല  കോഴിക്കോട് പറഞ്ഞു. ഇതോടെ അധിക സീറ്റെന്ന കേരളകോണ്‍ഗ്രസിന്റെ ആവശ്യം നടപ്പിലാവില്ലെന്ന് ഉറപ്പായി.

അധികസീറ്റ് നല്‍കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉഭയ കക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ സാഹചര്യമാണ് കേരളകോണ്‍ഗ്രസിന്റെ കാര്യത്തിലുമുള്ളതെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. മലബാര്‍ മേഖലാ കോണ്‍ഗ്രസ് നേതൃസംഘമത്തിനെത്തിയപ്പോഴാണ് കോഴിക്കോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സൂചിപ്പിച്ചത്.

കേരളകോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍  പി.ജെ ജോസഫാണ് സീറ്റ് അധികം ആവശ്യപ്പെട്ട് കൊണ്ട് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍ പി.ജെ. ജോസഫിന്റെ ആവശ്യത്തെ അവഗണിക്കുക എന്ന നിലപാടിലേക്ക് പോവാന്‍ മാണി വിഭാഗം നിര്‍ബന്ധിതരാവുകയാണ്. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പിനുള്ള സാധ്യതയും ഏറി. താന്‍ മത്സരിക്കുമെന്നാണ് പി.ജെ. ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതേ അവസരത്തില്‍ പാര്‍ട്ടിക്ക് അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. 

രണ്ട് സീറ്റെന്ന കാര്യത്തില്‍ പി.ജെ  ജോസഫ് ഉറച്ച് നിന്നതോടെ കേരളകോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയ കക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇടുക്കിയോ ചാലക്കുടിയോ സീറ്റേതായാലും കുഴപ്പമില്ല മത്സരിക്കുമെന്ന് തന്നെയാണ് ജോസഫ് കഴിഞ്ഞ ഞായറാഴ്ച നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നത്. ഇതോടെ അധിക സീറ്റെന്ന ആവശ്യത്തില്‍ നിന്ന് കെ.എം മാണിക്കും പിന്നോട്ട് പോവാനാവാത്ത അവസ്ഥയിലായി. 

Problem Should Overcome In Keralacongress Says Ramesh Chennithala