തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരം നടത്തിയ 12 വൈദികരില്‍നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ വട്ടേല്‍ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. എന്നാല്‍ പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും അന്വേഷണ സംഘത്തോട് ഡയറക്ടര്‍ പറഞ്ഞു. 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച ശേഷമാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ ഇതിന് മുമ്പ് 2016 ല്‍ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. 

സെപ്റ്റംബര്‍ 19 ന് ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ ചോദിക്കാനായി 98 ഓളം ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്. ജലന്ധര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലുള്ള ബിഷപ്പ് പുറപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരമറിയിക്കാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.