തിരുവനന്തപുരം: കസ്റ്റംസിനെതിരേ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടന. അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന ലഘുലേഖയാണ് സംഘടന പുറത്തിറക്കിയിരിക്കുന്നത്. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും സംഘടന ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണ കുമാറിനെ കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടന കസ്റ്റംസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനും കസ്റ്റംസിനും എതിരേ രൂക്ഷമായ പരിഹാസമാണ് ലഘുലേഖയില്‍ നടത്തുന്നത്. 

സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കസ്റ്റംസ് ഇത്തരം നടപടികളിലേയ്ക്ക് പോകുന്നത് എന്ന വിമര്‍ശനമാണ് ലഘുലേഖയില്‍ ഉള്ളത്. 'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒക്കെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ലഘുലേഖ.

customs
സിപിഎം അനുകൂല സംഘടന പുറത്തിറക്കിയ ലഘുലേഖ | ഫോട്ടോ: മാതൃഭൂമി ന്യൂസ്

അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്നും ലഘുലേഖയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ചോദ്യംചെയ്യലിനിടയില്‍ സര്‍ക്കാരിനെ കരിവാരിത്തേക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായി. അതിന് അനുകൂലമായ മൊഴി നല്‍കാനുള്ള ഭീഷണിയും കസ്റ്റംസ് നടത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

Content Highlights: Pro-CPM organization against customs; Dollar smuggling case, assistant protocol officer