സര്‍വകലാശാല നിയമനം: വിതച്ചത് കേന്ദ്രസർക്കാർ; വിളവെടുപ്പ് സംസ്ഥാനവുമായിചേർന്ന്


ശ്യാം മുരളി

കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചെങ്കിലും വിവാദത്തിന് ചൂടാറിയിട്ടില്ല. സി.പി.എം. നേതാക്കളായ പി. രാജീവ്, എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരുടെ ഭാര്യമാരുടെ നിയമനവും മുമ്പ് വിവാദത്തിലായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവര്‍ണര്‍. കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ 2018-ല്‍ യു.ജി.സി. റെഗുലേഷനില്‍ കൊണ്ടുവന്ന ഭേദഗതിയോടെ സര്‍വകലാശാലാ അധ്യാപക നിയമനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സുതാര്യതയാണ്.

പ്രിയ വർഗീസ്, ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: അക്കാദമിക് മികവോ അഭിമുഖത്തിലെ തികവോ-സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിന് മുന്‍ഗണന ഇതില്‍ ഏതുഘടകത്തിന് നല്‍കണം? ഈ ചോദ്യത്തിന് 2018-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) ഒരു ഉത്തരം നല്‍കി.

'അക്കാദമികമായ മിടുക്കുമാത്രം പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നല്ല അധ്യാപകരാകണമെന്നില്ല. അഭിമുഖമാണ് അധ്യാപക നിയമനത്തിലെ അന്തിമ മാനദണ്ഡം' -നിലവില്‍ യു.ജി.സി.യുടെ ഈ മാനദണ്ഡപ്രകാരമാണ് നമ്മുടെ രാജ്യത്തെ സര്‍വകലാശാലാ അധ്യാപകനിയമനങ്ങള്‍. കേന്ദ്രസര്‍വകലാശാലകളിലെ നിയമനങ്ങള്‍ തൊട്ട് ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനംവരെയുള്ള വിവാദങ്ങളുടെ അടിസ്ഥാനകാരണങ്ങളിലൊന്ന് യു.ജി.സി. കൊണ്ടുവന്ന ഈ ഭേദഗതിതന്നെ.കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാര്‍ 2010-ലെ റഗുലേഷനില്‍ വെള്ളം ചേര്‍ത്തതാണെന്ന ആരോപണം മുമ്പേ ഉയര്‍ന്നിരുന്നു. പുതിയ റഗുലേഷന്‍ അനുസരിച്ച് അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് സ്‌കോര്‍ (എ.പി.ഐ.) എത്ര നേടിയാലും അഭിമുഖത്തിലെ പ്രകടനംമാത്രമാണ് അന്തിമറാങ്കുപട്ടിക തയ്യാറാക്കാന്‍ പരിഗണിക്കുക. ഒരു തസ്തികയിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തി എത്ര പേരെ അഭിമുഖത്തിന് ക്ഷണിക്കാമെന്ന് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന വ്യവസ്ഥയും സുതാര്യതയില്ലായ്മയ്ക്ക് ഉദാഹരണമാണ്.

ആറായിരത്തോളം ഒഴിവുകളാണ് കേന്ദ്രസര്‍വകലാശാലകളില്‍ വിവിധ വിഭാഗങ്ങളിലായി ഉണ്ടാകുന്നത്. ഇതില്‍ ഭൂരിപക്ഷവും രാഷ്ട്രീയനിയമനങ്ങളായേക്കുമെന്ന ആശങ്ക മുമ്പേ ഉയര്‍ന്നിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ നടപ്പാക്കുന്ന കാര്യംതന്നെയാണ് ഭേദഗതിയുടെ സാധ്യതകളുപയോഗിച്ച് ഇടതുസര്‍ക്കാര്‍ കേരളത്തിലും നടപ്പാക്കുന്നത്.

പ്രിയയുടെ യോഗ്യത ഇങ്ങനെ

രണ്ട്് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി ഡെപ്യൂട്ടേഷനില്‍ ജോലിചെയ്തു. മൂന്ന് വര്‍ഷം തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ അധ്യാപിക. മൂന്ന് വര്‍ഷം ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പി.എച്ച്.ഡി. ഗവേഷണത്തിന് ചേര്‍ന്നു. 03+03+02 =08 വര്‍ഷം

ഇതെല്ലാം ചേര്‍ത്താണ് എട്ടുവര്‍ഷത്തെ അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. രണ്ടുഘട്ടമായി അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധികൂടി ചേര്‍ത്താണ് തന്റെ എട്ടുവര്‍ഷ അധ്യാപനപരിചയമെന്ന് പ്രിയാ വര്‍ഗീസ് തന്നെ സമ്മതിക്കുന്നുണ്ട്.

എഫ്.ഐ.പി. കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി പിഎച്ച്.ഡി. കാലയളവിനെ അധ്യാപനം നടത്തിയ കാലമായി കണക്കാക്കാമെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്

ഇവിടെ യു.ജി.സി.യുടെ നിയമം പാലിച്ചില്ല

യു.ജി.സി. നിയമം: അധ്യാപനപരിചയം പരിഗണിക്കുമ്പോള്‍ എം.ഫില്‍., പിഎച്ച്.ഡി. ഉള്‍പ്പെടെയുള്ള പഠനാവധികള്‍ ഒന്നും ഉള്‍പ്പെടുത്താന്‍പാടില്ല (യു.ജി.സി. 2018 റഗുലേഷന്‍, വ്യവസ്ഥ 3.11).

എഫ്.ഐ.പി. കാലയളവിനെ ഡെപ്യൂട്ടേഷനായി കണക്കാക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രൊമോഷന്‍ അടക്കമുള്ളവയ്ക്ക് സര്‍വീസ് കണക്കാക്കുന്നതിനാണ്, അല്ലാതെ നിയമനത്തിനല്ല പരിഗണിക്കുക

സ്റ്റുഡന്റ്സ് ഡീന്‍ എന്നത് അക്കാദമികേതര തസ്തികയാണ്. ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത രണ്ടുവര്‍ഷവും യു.ജി.സി. റഗുലേഷന്‍ അനുസരിച്ച് അധ്യാപനകാലമായി പരിഗണിക്കാനാവില്ല. (യു.ജി.സി. 2018 റഗുലേഷന്‍ അനുബന്ധം-2, പട്ടിക ഒന്ന്

ഇവിടെ യു.ജി.സി.യുടെ നിയമം മറയാക്കി

അഭിമുഖത്തില്‍ ഇങ്ങനെ: അപേക്ഷയ്‌ക്കൊപ്പം നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന എ.പി.ഐ. സ്‌കോര്‍ (അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് ലഭിച്ചത് ചങ്ങനാശ്ശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ജോസഫ് സ്‌കറിയക്കാണ്.

അദ്ദേഹത്തിന്റെ സ്‌കോര്‍ 651. ആറാംസ്ഥാനത്തുള്ള പ്രിയാ വര്‍ഗീസിന് സ്‌കോര്‍ 156. മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളി പ്രിയാ വര്‍ഗീസ് ഇന്റര്‍വ്യൂവില്‍ എങ്ങനെ ഒന്നാമതെത്തിയെന്നതാണ് ചോദ്യം.

യു.ജി.സി. വ്യവസ്ഥയനുസരിച്ച് റിസര്‍ച്ച് സ്‌കോര്‍ അല്ല, അഭിമുഖത്തിലെ മാര്‍ക്കാണ് നിയമനത്തിന് ആധാരമെന്നാണ് പ്രിയാ വര്‍ഗീസിന്റെ വാദം. യു.ജി.സി.യുടെ 2018-ലെ വ്യവസ്ഥപ്രകാരം സാങ്കേതികമായി ഇതുശരിയുമാണ്. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമറാങ്ക് പട്ടിക തയ്യാറാക്കാമെന്നാണ് ഈ വ്യവസ്ഥ.

എന്നാല്‍, ഗവേഷണം, പബ്ലിക്കേഷന്‍, അധ്യാപനമികവ്, ഭാഷാനൈപുണ്യം തുടങ്ങിയ ഘടകങ്ങള്‍കൂടി പരിഗണിച്ചാണ് ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥിയുടെ മെറിറ്റ് നിശ്ചയിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ പ്രവൃത്തിപരിചയത്തിന്റെകാര്യത്തില്‍ 2018-ലെ യു.ജി.സി. വ്യവസ്ഥ പാലിക്കാത്ത പ്രിയ, അഭിമുഖമെത്തിയപ്പോള്‍ അതേ നിയമത്തിന്റെ പിന്തുണ പറ്റുകയുംചെയ്യുന്നു.

Content Highlights: Priya Varghese University appointment issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented