.
ആലത്തൂര്‍: കര്‍ഷകരില്‍നിന്ന് സപ്ളൈകോയ്ക്കുവേണ്ടി നെല്ലുസംഭരിക്കുന്ന സ്വകാര്യമില്ലുകാര്‍ നെല്ല് കൈപ്പറ്റ് രസീത് (പി.ആര്.എസ്.) നല്‍കുന്നത് വൈകിപ്പിക്കുന്നു. രണ്ടും മൂന്നും ആഴ്ചകഴിഞ്ഞാണ്ന ല്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. പി.ആര്.എസിന്റെ പകര്‍പ്പ് ഓണ്‍ലൈനില്‍ കിട്ടിയാലേ കൃഷിവകുപ്പും സപ്ളൈകോയും ഇത് പരിശോധിച്ച് അംഗീകാരം നല്‍കൂ. ഇതിനുശേഷമേ നെല്ലിന്റെ വില നല്കാന് നടപടി തുടങ്ങൂ. പി.ആര്.എസ്. വൈകുന്നതനുസരിച്ച് കര്‍ഷകര്‍ക്ക് വിലകിട്ടാനും വൈകും. മില്ലുടമകള്‍ക്ക് ഒരുവിഭാഗം സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു.
നെല്ല് തൂക്കച്ചീട്ടിന്റെ അടിസ്ഥാനത്തിലാണ് പി.ആര്.എസ്. കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്യുക. ഇതരസംസ്ഥാനത്തുനിന്നുള്ള നെല്ല് പാലക്കാട്ടെ കര്‍ഷകരുടെ കണക്കില്‍ കയറ്റി താങ്ങുവില തട്ടിയെടുക്കാനാണ് പി.ആര്.എസ്. വൈകിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ഉദ്യോഗസ്ഥരും നെല്ല് ഏജന്റുമാരും പാടശേഖരസമിതി ഭാരവാഹികളും ചേര്‍ന്നാലേ ഇത് നടക്കൂ. സഹകരിക്കാന്‍ തയ്യാറുള്ള കര്‍ഷകരെ കണ്ടെത്തി അവരുടെ കണക്കില്‍ നെല്ല് കയറ്റി പി.ആര്.എസ്. അടിക്കും. നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ കിട്ടുമ്പോള്‍ ഏജന്റിന് കൊടുക്കണം. കര്ഷകന് കിലോഗ്രാമിന് രണ്ടുരൂപയാണ് കമ്മിഷനായി കിട്ടുക.
തമിഴ്നാട്ടില്‍ വിളയിക്കുന്ന ടി.കെ.എം. ഒന്‍പത് എന്ന ചുവന്ന മട്ട നെല്ലാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.. കിലോഗ്രാമിന് 18 രൂപയാണ് അവിടെ താങ്ങുവില. തമിഴ്നാട് സര്‍ക്കാര്‍ താങ്ങുവില 23 രൂപയാക്കിയതോടെ ഈ നെല്ലിന്റെ വരവ് കുറഞ്ഞു.
25 രൂപവരെ നല്കാന് തയ്യാറായി കേരളത്തിലെ മില്ലുകാര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് മട്ടയോട് സാദൃശ്യമുള്ള നെല്ല് ഇപ്പോള്‍ കൊണ്ടുവരുന്നത്.
ഇത്തവണ സപ്ലൈകോയും വിജിലന്‍സും ജാഗ്രത പുലര്‍ത്തിയതിനാല്‍ ഇതരസംസ്ഥാന നെല്ലുകയറ്റല് കുറവായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം.
വിലകിട്ടിയത് അഞ്ചിലൊന്നുപേര്‍ക്ക്
നവംബര്‍ 29 വരെയുള്ള പി.ആര്.എസുകള്‍ അംഗീകരിച്ചെന്നാണ് സപ്ലൈകോയുടെ ഔദ്യോഗിക വിശദീകരണം. 49,271 കര്‍ഷകരാണ് ഇതുവരെ നെല്ലളന്നത്. ഇതില്‍ 27,941 പേര്‍ക്ക് പി.ആര്.എസ്. നല്കി. 15,330 കര്‍ഷകര്‍ക്ക് പി.ആര്.എസ്. കിട്ടിയിട്ടില്ല.
പാലക്കാട് ജില്ലയില്‍ ഇതുവരെ 9,327 കര്‍ഷകര്‍ക്ക് മാത്രമാണ് നെല്ലിന്റെ വില കിട്ടിയത്. ഇതില്‍ 6,580 പേരും ചിറ്റൂര്‍ താലൂക്കുകാരാണ്.
ആലത്തൂര്‍ താലൂക്കില്‍ വില കിട്ടുന്നത് വൈകിയാണ്. 77 കോടി രൂപ ഇവര്‍ക്ക് നല്കി. 61,000 കര്‍ഷകരാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 54,000 സപ്ലൈകോ അംഗീകരിച്ചു.
നെല്ലിന്റെ വില നല്കല് വൈകുന്നു
സപ്ലൈകോ ജില്ലാ ഓഫീസ് പി.ആര്.എസ്. അംഗീകരിച്ചാലും നെല്ലിന്റെ വില നല്‍കുന്നത് കൊച്ചി ഹെഡ്ഡ് ഓഫീസില്‍നിന്നാണ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വില കൊടുക്കല്‍ മന്ദഗതിയിലാണ്. കേരള ബാങ്കില്‍നിന്ന് 2,300 കോടി വായ്പയെടുക്കാനുള്ള നടപടി പൂര്‍ത്തിയായില്ല. 2,500 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്തെങ്കിലും പഴയവായ്പ അടയ്ക്കാനേ തികഞ്ഞുള്ളൂ.
സര്‍ക്കാര്‍ 480 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ 129 കോടിയും കേന്ദ്ര വിഹിതമായി ലഭിച്ച 275 കോടിയും ഉപയോഗിച്ചാണ് ഇപ്പോള്‍ വില നല്‍കുന്നത്.
Content Highlights: private mills delaying to issue p.r.s. complants the farmers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..