തിരുവനന്തപുരം: സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. ചില ബസുകള്‍ നാളെമുതല്‍തന്നെ ഓടുമെന്നും മന്ത്രി പറഞ്ഞു.

ബസ് സര്‍വീസുകള്‍ നടത്തില്ലെന്ന സമീപനം ബസുടമകള്‍ക്കില്ല. പ്രയാസങ്ങള്‍ അറിയിക്കുകയാണ് അവര്‍ ചെയ്തത്. അത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റ പണികള്‍ക്കുവേണ്ടിയാണ് സര്‍വീസുകള്‍ വൈകുന്നത്. അത് തീര്‍ത്ത് എത്രയും വേഗത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ത്തന്നെ ചില ബസുകള്‍ ഓടുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചവരെ 1320 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയതായും മന്ത്രി പറഞ്ഞു.

Content Highlights: private buses will resume services soon- minister