തിരുവനന്തപുരം: ഡീസല്‍ വില ഭീമമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഇത് സംബന്ധിച്ച് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിത കാലത്തേക്കു ബസ് സര്‍വ്വീസ് നിര്‍ത്തുമെന്നാണ് നോട്ടീസില്‍ പറയുന്നത്. 

മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, വിദ്യാര്‍ത്ഥിയാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50 ശതമാനവും ആക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവെക്കുന്നത്.

സമിതി ഭാരവാഹികളായ ലോറന്‍സ് ബാബു (ചെയര്‍മാന്‍), ടി. ഗോപിനാഥന്‍ (ജനറല്‍ കണ്‍വീനര്‍), ഗോകുലം  ഗോകുല്‍ദാസ് (വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍  മന്ത്രിയെ നേരിട്ട് കണ്ടാണ് നിവേദനം നല്‍കിയത്.

സമരം തുടങ്ങുന്ന ദിവസംമുതല്‍ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Private bus strike demanding increase in bus fare