തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയ മലയാളികളെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തുന്നവര്‍ സ്വന്തം വീടുകളിലോ സര്‍ക്കാര്‍ ഒരുക്കുന്നയിടങ്ങളിലോ പതിനാല് ദിവസം കൃത്യമായി ക്വാറന്റൈനില്‍ ഇരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

"അന്യസംസ്ഥാനത്തുള്ള നമ്മുടെ നാട്ടുകാര്‍ തിരിച്ചു വരാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവരെ എല്ലാവരേയും ഒരേസമയം തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ല. മുന്‍ഗണന കണക്കാക്കിയായിരിക്കും ഇവരെയും തിരിച്ചുകൊണ്ടുവരുന്നത്. അതിന്റെ ഭാഗമായി മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുമതി നല്‍കും. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, അവധിക്കാല ക്യാമ്പുകള്‍ക്കായി പോയവരുണ്ട്, കോഴ്‌സ് കഴിഞ്ഞവരുണ്ട്, ഹോസ്റ്റല്‍ അടച്ചതിന്റെ പേരില്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തുടരാന്‍ കഴിയാത്തവരുണ്ട്. 

"ഇങ്ങനെയെല്ലാമുള്ള, നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. നമ്മുടെ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാരുടെ ബന്ധുക്കളോ മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്ത് പോയവരോ തിരിച്ചു വരേണ്ടതായിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഗര്‍ഭിണികളായ സ്ത്രീകക്കും ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്. 

"അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമായിട്ടുള്ളവര്‍ക്കും അവരുടെ ബന്ധുക്കളെ കാണണം എന്നുണ്ടാവും. എന്നാല്‍ അത്തരക്കാര്‍ ഇപ്പോള്‍ ധൃതി കാണിക്കരുത് എന്നാണ് നിര്‍ദ്ദേശിക്കാനുള്ളത്. അത്തരക്കാര്‍ ഈ ഘട്ടത്തില്‍ നാട്ടിലേക്ക് വരുന്നത് ഒഴിവാകുന്നതാണ് നല്ലത്. 

"ഇപ്പോള്‍ തന്നെ നോര്‍ക്കയുടെ പോര്‍ട്ടലില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. എയര്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ പറഞ്ഞതുപോലെയുള്ള നടപടികളായിരിക്കും അന്യസംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ കാര്യത്തിലും സ്വീകരിക്കുക. സംസ്ഥാന അതിര്‍ത്തിയില്‍ ഇവര്‍ എപ്പോഴാണ് എത്തേണ്ടത് എന്ന് അറിയിക്കും. ആ സമയത്ത് മാത്രമേ ഇവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്താവൂ. 

"അവിടെ വിശദമായ സ്‌ക്രീനിങ് നടത്തുകയും അതിന്റെ ഭാഗമായി രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ക്വാറന്റൈനിലേക്ക് വിടുകയും ചെയ്യും. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. വീട്ടിലെത്തിയാലും ഇവര്‍ പതിനാല് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൂര്‍ണമായും നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. 

"ഇതിന്റെയെല്ലാം മൊത്തം ചുമതല സംസ്ഥാന പോലീസിന് തന്നെയായിരിക്കും. തിരിച്ചെത്തുവര്‍ വീട്ടിലെത്തിയെന്നും വഴിയ്ക്ക് എവിടെയും തങ്ങാതെ വീട്ടിലേക്ക് തന്നെയാണ് പോയത് എന്നതും വീട്ടില്‍ കൃത്യമായ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പു വരുത്തണം. 

"ഇതോടൊപ്പം തന്നെ, തിരിച്ചെത്തുന്നവരുടെ വീടുകള്‍ എവിടെയാണെന്ന് നേരത്തേ മനസിലാക്കി അവിടെ ക്വാറന്റൈന്‍ സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും പോലീസാണ്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ആദ്യത്തെ പതിനാല് ദിവസം വീട്ടില്‍ പോകാന്‍ പറ്റില്ല. അവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ സ്ഥലമുണ്ടാകും. രോഗികളേയോ രോഗലക്ഷണമുള്ളവരേയോ പാര്‍പ്പിക്കുന്ന ക്വാറന്റൈന്‍ സ്ഥലമായിരിക്കില്ല ഇത്.

"നേരത്തേ വിദേശത്തുനിന്നു വരുന്ന പ്രവാസികളുടെ കാര്യത്തില്‍ സ്വീകരിച്ച അതേനിലപാട് തന്നെയായിരിക്കും അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്നവരുടെ കാര്യത്തിലും സ്വീകരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃതമായി വലിയ തോതില്‍ നടന്നാല്‍ നമുക്ക് ഇനിയുള്ള ഘട്ടത്തെ അതിജീവിക്കാന്‍ കഴിയും." മുഖ്യമന്ത്രി പറഞ്ഞു. 

content highlight: priorities will be set in bringing back malayalis from other states says kerala cm pinarayi vijayan