തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

ചെന്നൈയില്‍നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഞായറാഴ്ചത്തേത് മാറും.

സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തും. തിരഞ്ഞെടുപ്പ പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Prime Minister Narendra Modi to visit Kerala on Sunday