കൊച്ചി: രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കുമെന്നും പറഞ്ഞു. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടിസ്ഥാന സൗകര്യ വികസനം എന്ന സങ്കല്പം തന്നെ മാറി മറിഞ്ഞിരിക്കുന്നുവെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഏതാനും പട്ടണങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗതവും നിര്‍മാണ പ്രവര്‍ത്തനങ്ങളും വാര്‍ത്താവിനിമയവും മാത്രമല്ല. അതിന് പകരം എണ്ണത്തിലും ഗുണത്തിലും ഉയര്‍ന്ന ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരും തലമുറയ്ക്ക് നല്‍കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നമ്മള്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചു. വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിഞ്ഞ ഒട്ടേറെ പേരെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറക്കാന്‍ സാധിച്ചു. അവര്‍ക്കായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലായിപ്പോഴും തയ്യാറാണ്. അവരെ പുറത്തിറക്കാനും കോവിഡ് കാലത്ത് ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാനും ഒട്ടേറെ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ സഹായിച്ചുരുന്നു. 

modi

ഈവര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന വിവിധ പദ്ധതികള്‍ക്കായി പണം വകയിരുത്തി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം അതിന്റെ ഭാഗമാണ്. ഒന്നാം ഘട്ടത്തിന്റെ വിജയം നമ്മുടെ കഴിവിന്റേയും കാര്യപ്രാപ്തിയുടേയും ഉത്തമ ഉദാഹരണമാണ്. മത്സ്യമേഖലയിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പാക്കുമെന്നും സമുദ്രമേഖലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

നിശ്ചയിച്ച സമയത്തിലും അരമണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. 2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വൈസ് അഡ്മിറല്‍ എ.കെ. ചൗള, മേയര്‍ എം.അനില്‍കുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ശോഭാ സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള എന്‍.ഡി.എ. നേതാക്കളും എത്തിയിരുന്നു.

modi

നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിച്ചു. 

അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.  തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 

Content Highlights: Prime Minister Narendra Modi, Kochi