വരയാടിന്റെ കൊമ്പിൽ പിടിച്ച് നിൽക്കുന്ന വൈദികൻ | Photo: Mathrubhumi
ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈദികന് വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്തത്.
ഈ രംഗം ഒരു സഞ്ചാരി എടുത്ത് തമിഴ്നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.
അതേസമയം, തങ്ങളുടെ പ്രവൃത്തി മറ്റൊരാള്‍ പകര്‍ത്തി തമിഴ്നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും വലിയ പ്രശ്നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്പാറയില് നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ തിരിച്ചു പോന്നിരുന്നു.
കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.
Content Highlights: priest and his friend were jailed for taking a photo by holding the horn of Nilgiri tahr
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..