തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച നടത്താനിരുന്ന ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണിത്.

തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം.

ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. അതിനാല്‍ കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, ഭക്തരുടെ തിരക്കുകൂടി പരിഗണിച്ചു വേണം സന്ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹെലിപ്പാഡ് ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അടക്കമുള്ളവ പരിഗണിച്ച് ശബരിമല സന്ദര്‍ശിക്കാനുള്ള തീരുമാനം രാഷ്ട്രപതി റദ്ദാക്കുകയായിരുന്നു.

Content Higjhlights: President Ramnath Kovind's Sabarimala visit cancellef