തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണിറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം ഏഴിന് തിരിച്ചുപോകും.

ഞായറാഴ്ച അദ്ദേഹം രാജ്ഭവനില്‍ താമസിക്കും. തിങ്കളാഴ്ച 12-ന് നിയമസഭയില്‍ 'ജനാധിപത്യത്തിന്റെ ഉത്സവം' ഉദ്ഘാടനം ചെയ്യും. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് സമ്മേളനം. അന്ന് വൈകുന്നേരം കൊച്ചിയിലേക്ക് പോകും.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണ സത്കാരത്തില്‍ പങ്കെടുക്കും. 11.30-ന് തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവായൂരിലേക്ക് പുറപ്പെടും. ക്ഷേത്രദര്‍ശനത്തിനുശേഷം 4.30-ന് കൊച്ചി വഴി ഡല്‍ഹിയിലേക്ക് പോകും.