തിരുവനന്തപുരം: സംസ്ഥാനത്ത് കഞ്ചാവ് കലര്‍ന്ന കള്ള് വിതരണം നടക്കുന്നുവെന്ന് എക്സൈസ്. വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കന്‍ കേരളത്തിലെ ഷാപ്പുകളിലേക്ക് കഞ്ചാവ് കലര്‍ത്തിയ കള്ള് എത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ പരിശോധന ഉടന്‍ തുടങ്ങും. 

പാലക്കാട്ട് നിന്നാണ് സംസ്ഥാനത്ത് ആദ്യം കഞ്ചാവ് കലര്‍ത്തിയതെന്ന് സംശയിക്കുന്ന കള്ള് പിടിച്ചത്. പിന്നാലെ കോതമംഗലം, തൊടുപുഴ റേഞ്ചിലെ 46 ഷാപ്പുകളില്‍ നിന്നും കള്ള് പിടിച്ചെടുത്തു. പിടിച്ചെടുത്ത കള്ള് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കഞ്ചാവില്‍ ലഹരി ഉളവാക്കുന്ന രാസവസ്തുവായ കന്നാബിനോയിഡിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. 

എന്നാല്‍ കള്ളിന് വീര്യം കൂട്ടാന്‍ കഞ്ചാവ് നേരിട്ട് കലര്‍ത്തിയതാണൊ അതോ കൃത്രിമമായി നിര്‍മ്മിച്ച കന്നാബിനോയ്ഡ് കലര്‍ത്തിയതാണോ എന്ന് എക്‌സൈസിന് സ്ഥിരീകരിക്കാനായിട്ടില്ല. 

കള്ളില്‍ കഞ്ചാവ് നേരിട്ട് കലര്‍ത്തണമെങ്കില്‍ കിലോക്കണക്കിന് കഞ്ചാവ് ദിവസവും ആവശ്യമായി വരും കേരളത്തില്‍ പരിശോധനകള്‍ ശക്തമായതിനാല്‍ ഇത്രയധികം കഞ്ചാവ് രഹസ്യമായി സൂക്ഷിച്ച് കൈകാര്യം ചെയ്യുക അപ്രായോഗികമാണെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. 

സിന്തറ്റിക്ക് കന്നാബിനോയ്ഡ് അഥവാ കൃത്രിമ കഞ്ചാവ് കേസുകള്‍ കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണ നടക്കുന്ന ലാബ് പരിശോധനയില്‍ യഥാര്‍ഥ കഞ്ചാവിനെയും വ്യാജനേയും തിരിച്ചറിയാന്‍ പ്രയാസമാണെന്നും എക്‌സൈസ് പറയുന്നു. 

അതിനാല്‍ കഞ്ചാവ് കലര്‍ത്തിയ കള്ള് വിതരണം ചെയ്തതിന് നര്‍കോട്ടിക് നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. സിന്തറ്റിക് കന്നാബിനോയ്ഡ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നത് കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. 

ഇത്തരം ലഹരി വസ്തുക്കളുടെ സ്ഥിരമായ ഉപയോഗം വൃക്ക, ഹൃദയം, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ചുഴലി, സ്ട്രോക്ക്, രക്തത്തില്‍ പൊട്ടാസ്യത്തിന് അളവ് കുറയുന്ന ഹൈപ്പൊകലേമിയ, പേശികള്‍ തകരുന്ന റാബ്ഡൊമൈയോലിസിസ് എന്നീ രോഗങ്ങള്‍ ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. 

content highlights : presence of cannabinoids in toddy confirmed in kerala