ചിറയിന്‍കീഴ്: നടന്‍ പ്രേം നസീര്‍ ചിറയിന്‍കീഴില്‍ നിര്‍മ്മിച്ച വായനശാല സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്വന്തം നാട്ടില്‍ പ്രേം നസീര്‍ 1958ല്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച വായനശാല ശനിയാഴ്ച പുലര്‍ച്ചെയാണ് തീവച്ച് നശിപ്പിക്കപ്പെട്ടത്.

വായനശാല അങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. സംഭവം അപലപനീയമാണെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ള വായനശാല സ്ഥലത്തുതന്നെ പകരം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Library

ചിറയില്‍ കീഴിന്റെ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കി പ്രേം നസീര്‍ സ്ഥാപിച്ച വായനശാലയാണ് നശിപ്പിക്കപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ അന്വേഷണ പുരോഗതി വെളിപ്പെടുത്താനാകൂവെന്ന് ചിറയിന്‍കീഴ് പൊലീസ് അറിയിച്ചു.

പ്രേം നസീറിന് ജന്മനാട്ടിന്‍ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. നാടിന്റെ വികസനത്തിനായി പ്രേം നസീര്‍ നിര്‍മ്മിച്ച് നല്‍കിയ വായനശാലയും, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. അതിനിടെയാണ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.