കോഴിക്കോട്: ''ഗര്‍ഭസ്ഥശിശുവിനെ നാഭിക്ക് ചവിട്ടി കൊലപ്പെടുത്തിയിട്ടും അവര്‍ക്ക് കലി തീര്‍ന്നിട്ടില്ല. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അറിയാമായിരുന്നിട്ടും വീടും നാടും വിട്ട് ഒളിച്ചോടി, എന്നിട്ടും കാര്യമുണ്ടായില്ല. സ്വന്തം വീട്ടുപരിസരത്ത് പോവുമ്പോള്‍ നീ വീണ്ടും ഗര്‍ഭിണിയായാല്‍ അതും ഞങ്ങള്‍ ചവിട്ടിക്കലക്കുമെന്നൊക്കെയാണ് ഭീഷണി.'' രണ്ട് വര്‍ഷം മുമ്പ് സി.പി.എം. നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട കോടഞ്ചേരി തേനാംകുഴിയില്‍ ജോത്സ്‌നയുടെയും ഭര്‍ത്താവ് സിബിയുടെയും വാക്കുകളില്‍ നിസ്സഹായതയാണ്. ഉന്നതര്‍ക്കെതിരേ പരാതി കൊടുത്തതിന്റെ പേരില്‍ മാത്രം ജീവിക്കാന്‍ പറ്റാതെ പോയവര്‍.
2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ ആക്രമത്തിന് ജോത്സ്‌നയും കുടുംബവും ഇരയാകേണ്ടി വന്നത്. നാലര മാസം ഗര്‍ഭിണിയായിരുന്ന ജോത്സ്‌നയ്ക്ക് ചവിട്ടേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. തമ്പിയടക്കം ഏഴ് പേര്‍ക്കെതിരേ ആയിരുന്നു കേസ്. പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും ശേഷം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പറയുന്നു ഇവര്‍. കേസിന് ശേഷം കോടഞ്ചേരി വേളംകോടുള്ള വീട് വിട്ട് പേരേണ്ടി വരികയും ചെയ്തു ഇവര്‍ക്ക്. തുടര്‍ന്ന് കൂരാച്ചുണ്ടായിരുന്നു താമസം.
നിലവില്‍ കോടഞ്ചേരിയിലെ വീട്ടിലേക്ക് പോവാനോ അവിടെയുള്ള പറമ്പിലേക്ക് കയറാനോ പ്രതികളും കൂട്ടരും സമ്മതിക്കുന്നില്ല. കോടഞ്ചേരിയിലെ വീട് വാടകയ്ക്ക് കൊടുത്തിരുന്നുവെങ്കിലും അതിന്റെ ഇടപാട് തീര്‍ക്കാന്‍ പോലും ഇവര്‍ സമ്മതിക്കുന്നില്ല. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം കോടഞ്ചേരിയിലെ വീട്ടിലേക്ക് പോയപ്പോള്‍ തെറി പറയുകയും ഇനിയും ഗര്‍ഭമുണ്ടായാല്‍ അതും ചവിട്ടി കലക്കുമെന്നും കാല് തല്ലിയൊടിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ കോടഞ്ചേരി പോലീസില്‍ ജോത്സ്‌നയും കുടുംബവും പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. നേരത്തെ കേസില്‍ പ്രതികളായ പ്രജീഷ് ഗോപാലന്‍, പ്രമേഷ് ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് ജോത്സ്‌ന ജൂണ്‍ 20-ാം തീയതിയാണ് പരാതി നല്‍കിയത്.
സ്വന്തമായി എട്ട് സെന്റ് ഭൂമിയും കട്ടപ്പുരയും മാത്രമുള്ള തങ്ങള്‍ക്ക് ലഭിച്ച എ.പി.എല്‍ കാര്‍ഡ് പോലും മാറ്റിത്തരാന്‍ പരാതി കൊടുത്തതിന്റെ പേരില്‍ സാധിക്കുന്നില്ലെന്ന് പറയുന്നു ജോത്സ്‌നയുടെ ഭര്‍ത്താവ് സിബി. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിബിക്ക് ഇപ്പോള്‍ പണിയുമില്ല, ഇതോടെ കാട് വെട്ടാനും പറമ്പ് കിളക്കാനുമൊക്കെ പോയാണ് സിബി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതികളുടെ ഭീഷണി പേടിച്ചാണ് തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോലും പോവാനാവെ നാല്‍പത് കിലോ മീറ്റര്‍ ഇപ്പുറമുള്ള കൂരാച്ചുണ്ടില്‍ വാടകയ്ക്ക് താമസിക്കേണ്ടി വരുന്നതെന്നും പറയുന്നു ഇവര്‍. മാത്രമല്ല ചവിട്ടേറ്റ് ഗര്‍ഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോത്സ്‌നയ്ക്ക് ഇപ്പോഴും ചികിത്സ തുടരേണ്ടതുമുണ്ട്. പാര്‍ട്ടിക്കാരോട് പ്രശ്‌നത്തിനൊന്നും താല്‍പര്യമില്ലെന്നും തനിക്ക് ജീവിക്കാനും സ്വന്തം വീട്ടില്‍ കയറാനുമുള്ള സാഹചര്യമുണ്ടാക്കിത്തരണമെന്നും ആവശ്യപ്പെടുകയാണ് ജോത്സ്‌നയും കുടുംബവും.
Content Highlights: Pregnant woman attack in Kodenchery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..